വോട്ടുചോരി അന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റവുമായി കര്‍ണാടക ക്രൈംബ്രാഞ്ച് എസ്.ഐ.ടി. അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒ.ടി.പി.കള്‍ ബൈപ്പാസ് ചെയ്തു നല്‍കിയ ആളെ എസ്.ഐ.ടി. അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവിനായി പ്രവര്‍ത്തിച്ച കലബുറഗിയിലെ ഡേറ്റാ സെന്ററിന് ഒ.ടി.പികളെത്തിച്ചു നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതോടെ വോട്ടുചോരിയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയെന്നു തെളിയുകയാണ്.
അലന്ദ് മണ്ഡലത്തിലെ 6000 വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ശ്രമം നടന്നുവെന്നും കര്‍ണാടക പൊലീസിന്റെ അന്വേഷണത്തോടു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹകരിക്കുന്നില്ലെന്നുമായിരുന്നു ആരോപണം. വാര്‍ത്ത സമ്മേളനത്തിനു തൊട്ടുപിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിനു കൈമാറി. ഈ സംഘമാണ് നിര്‍ണായക അറസ്റ്റ് നടത്തിയത്. ബംഗാള്‍ നാദിയ സ്വദേശി ബാപ്പി ആദ്യയെന്നയാളാണു പിടിയിലായത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും വരുന്ന ഒ.ടി.പികള്‍ ബൈപ്പാസ് ചെയ്തു കലബുറഗിയിലെ ഡേറ്റാ സെന്ററിലേക്കെത്തിച്ചു നല്‍കിയത് ഇയാളാണ്. ഡേറ്റാ സെന്ററും ആദ്യയും തമ്മിലുള്ള പണമിടപാട് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ഇതിനായി 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഒ.ടി.പി ബൈപ്പാസ് ചെയ്തത്. 5994 വോട്ടുകള്‍ നീക്കാന്‍ 3000 വ്യാജ നമ്പറുകളില്‍ നിന്നായി അപേക്ഷ നല്‍കിയതായും എസ്.ഐ.ടി. കണ്ടെത്തി. അലന്ദിലെ സിറ്റിങ് എം.എല്‍.എയും ബിജെ.പി. സ്ഥാനാര്‍ഥിയുമായിരുന്നു സുഭാഷ് ഗുട്ടോദാറിനുവേണ്ടിയാണ് ഡേറ്റാ സെന്ററര്‍ പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റ് ഉറപ്പായതോടെ സുഭാഷും മകനും കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.