ചെങ്കോട്ട സ്ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്ന് നിഗമനം. കാര്‍ ബോംബ് സ്ഫോടനത്തിലേത് പോലെയുള്ള നാശം സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തല്‍. അതേസമയം കാര്‍ ഓടിച്ച ഡോ. ഉമറിന്‍റെ ജയ്ഷെ മുഹമ്മദ് ബന്ധം വ്യക്തമായി. ചെങ്കോട്ടയിലേത്, ഫിദായീന്‍ അഥവാ ചാവേര്‍ ആക്രമണമെന്ന് ഉറപ്പിച്ചിരുന്ന അന്വേഷണ സംഘങ്ങള്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത് അബദ്ധത്തിലുണ്ടായ സ്ഫോടനമെന്ന സാധ്യതയിലേക്കാണ്.
പൂര്‍ണശേഷി എത്താത്ത ബോംബാണ് പൊട്ടിത്തെറിച്ചത്. ചീളുകള്‍ യാതൊന്നും കണ്ടെത്താത്തതും ഈ സാധ്യത അടിവരയിടുന്നു. ചാവേര്‍ ബോംബ് സ്ഫോടനമാണെങ്കില്‍ ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റുന്ന പതിവുണ്ട്. ഇവിടെ അതും ഉണ്ടായിട്ടില്ല. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. സ്ഫോടനമുണ്ടാകുമ്പോഴും വാഹനം പതുക്കെ ചലിക്കുന്നുവെന്നും കണ്ടെത്തി. ഗർത്തം രൂപപ്പെടാത്തതിനാലും ചീളുകള്‍ ഉപയോഗിക്കാത്തതിനാലും പൂർണ സ്‌ഫോടകശേഷി ഉണ്ടായിരുന്നില്ല. ഇതോടെയാണ് ചാവേര്‍ ആക്രമണം എന്ന സാധ്യത ഭാഗികമായെങ്കിലും അന്വേഷണസംഘം തല്‍ക്കാലം തള്ളിക്കളയുന്നത്.
അതേസമയം കാര്‍ ഓടിച്ച ഡോ. ഉമറിന്‍റെ ജയ്ഷെ മുഹമ്മദ് ബന്ധം വ്യക്തമായി. ഫരീദാബാദിലെ ഭീകര സംഘത്തെ പിടികൂടിയതോടെ, പരിഭ്രാന്തനായ ഇയാള്‍ സ്ഫോടകവസ്തു മറ്റൊരിടത്തേക്ക് മാറ്റാനോ നശിപ്പിക്കാനോ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കാം എന്നാണ് വിവരം. അതല്ലെങ്കില്‍, മറ്റൊരു സാധ്യത ഫരീദാബാദിലെ ഭീകര സംഘത്തെ പിടികൂടിയതോടെ, പരിഭ്രാന്തനായ ചാവേര്‍ തീരുമാനിച്ചുറപ്പിച്ച് നടത്തിയ സ്ഫോടനം എന്നതിലേക്കാണ്.