ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി ഒരുമാസം പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിദേശനയം പരാജയമാണെന്നും സര്‍വകക്ഷി സംഘത്തിന്‍റെ സന്ദര്‍ശനം ഗുണം ചെയ്തില്ലെന്നും പവന്‍ഖേര പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ജര്‍മനി അറിയിച്ചതായി രവിശങ്കര്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികരിച്ചു
യു.എന്നിന്‍റെ മൂന്ന് സുപ്രധാന സമിതികളുടെ നേതൃസ്ഥാനം പാക്കിസ്ഥാന് ലഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. പാക്കിസ്ഥാന് ലഭിച്ച സഹായങ്ങളും അംഗീകാരങ്ങളും പവന്‍ ഖേര അക്കമിട്ട് നിരത്തുന്നു. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാക്കിസ്ഥാന് ഐ.എം.എഫ്. സഹായം ലഭിച്ചു. കുവൈത്തും യു.എ.ഇയും പാക് പൗരന്‍മാര്‍ക്കുള്ള വിസ നിയമങ്ങള്‍ ലഘൂകരിച്ചു. ചൈന പാക്കിസ്ഥാന് ജെറ്റുകള്‍ നല്‍കി. ഇന്ത്യയുടെ വിദേശനയം പൂര്‍ണ പരാജയമാണെന്ന് ഇത് വ്യക്തമാക്കുന്നു.
സർവകക്ഷി സംഘത്തിൻറെ വിദേശ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയില്ല. കൂടിക്കാഴ്ച നടത്തിയതൊന്നും പ്രധാന നേതാക്കളുമായല്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. സംഘാംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സന്ദര്‍ശനം വിജയമെന്ന് പറയുമ്പോഴാണ് പാര്‍ട്ടി വക്താവിന്‍റെ പ്രതികരണം. അതിനിടെ ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം US ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗവുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് ജർമ്മനി അറിയിച്ചതായി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികരിച്ചു.