വിനോദ സഞ്ചാരത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ജമ്മു കശ്മീരിന് പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഘർഷവും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. സഞ്ചാരികൾ എത്താതായതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ലക്ഷങ്ങളാണ് പട്ടിണിയിൽ ആകുന്നത്. ഒപ്പം ഖജനാവും കാലിയാവും.
ചെറുതും വലുതുമായി നൂറുകണക്കിന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് ജമ്മു കശ്മീരിൽ. ഇന്ത്യ- പാക് സംഘർഷം രൂക്ഷമായതോടെ സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു. ഹോട്ടലുകൾ എല്ലാം കാലി. നേരത്തെ ബുക്ക് ചെയ്തവർ അത് റദാക്കി. പുതിയതായി ആരും വരുന്നുമില്ല.
അതിലേറെ പ്രതിസന്ധിയിലാണ് ടാക്സി തൊഴിലാളികൾ. ജമ്മു റെയിൽവെ സ്റ്റേഷന് സമീപത്ത് ആയിരത്തോളം ടാക്സികളാണ് വെറുതെ കിടക്കുന്നത്. ഓട്ടമുണ്ടെങ്കിൽ ദിവസം 500 രൂപയാണ് ഭക്ഷണമടക്കം ഡ്രൈവർക്ക് കൂലി. ഇല്ലെങ്കിൽ നൂറു രൂപ. 30 ലക്ഷം പേർ പരോക്ഷമായും 3 ലക്ഷം പേർ നേരിട്ടും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട് ജമ്മു കശ്മീരിൽ.