madhya-pradesh

TOPICS COVERED

ഭാര്യയുടെ ചികില്‍സക്കായി ആശുപത്രിയിലെത്തിയ വയോധികനെ മര്‍ദനം. മധ്യപ്രദേശ് ഛത്തര്‍പുരിലെ ആശുപത്രിയില്‍ ഉദ്ദവ്‌ലാല്‍ ജോഷി എന്ന 77-കാരനാണ് അതിക്രമത്തിനിരയായായത്. ഉദ്ദവ്‌ലാലിനെ ഡോക്ടര്‍ മര്‍ദിക്കുകയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.  ഏപ്രില്‍ 17ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഭാര്യയെ ഡോക്ടറെ കാണിക്കുന്നതിനായി വരി നില്‍ക്കുകയായിരുന്നു ഉദ്ദവ്‌ലാല്‍. അതിനിടെ അവിടെയെത്തിച്ചേര്‍ന്ന ഡോക്ടര്‍ രോഗികളുടെ നീണ്ട നിര കണ്ട് അസ്വസ്ഥനായി. എന്തിനാണ് അവിടെ നില്‍ക്കുന്നതെന്ന് ഉദ്ദവ്​ലാലിനോട് ചോദിച്ചു. ഇതിനു മറുപടി നല്‍കാന്‍ തുടങ്ങിയ തന്നെ ഡോക്ടര്‍ തൊഴിയ്ക്കുകയും താഴെവീണ തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ഉദ്ദവ്‌ലാല്‍ പറയുന്നു. ഡോക്ടറുടെ ആക്രമണത്തില്‍ തന്റെ കണ്ണട പൊട്ടിയതായും തന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റതായും ഉദ്ദവ്‌ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തെ കുറിച്ചുള്ള വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും സിവില്‍ സര്‍ജന്‍ ഡോ. ജി.എല്‍. ആഹിര്‍വാര്‍ പറഞ്ഞു. ഒരു ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

A 77-year-old man named Uddavlal Joshi was assaulted at a hospital in Chhatarpur, Madhya Pradesh, where he had arrived for his wife's treatment. A video showing a doctor beating him and dragging him through the hospital corridor is now circulating on social media.