നിങ്ങള്‍ വേഗം കുട്ടികളെ ജനിപ്പിക്കൂ, അങ്ങനെയെങ്കില്‍ ഡീലിമിറ്റേഷൻ നടത്തുമ്പോൾ നമ്മുടെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. നവദമ്പതികൾക്കുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ ഈ സന്ദേശം നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങിലായിരുന്നു. കേന്ദ്രസർക്കാരിന്‍റെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തി നിർണയ പദ്ധതികള്‍ക്കെതിരെയുള്ള പരിഹാസം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
മുന്‍പൊക്കെ സമയമെടുത്ത് കുടുംബാസൂത്രണം നടത്താനാണ് നമ്മള്‍ ദമ്പതികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അതിർത്തി നിർണയം നയങ്ങള്‍ അനുസരിച്ച് ഞങ്ങൾക്ക് അത് പറയാൻ കഴിയില്ല. കുടുംബാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയിച്ച തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തഴയപ്പെടാന്‍ പോകുന്നു. അതിനാൽ നവദമ്പതികളോട് ഉടൻ തന്നെ കുഞ്ഞുങ്ങളെ ഉണ്ടാകാനും അവർക്ക് നല്ല തമിഴ് പേരുകൾ നൽകാനും താന്‍ അഭ്യർത്ഥിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
2026ന് ശേഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡീലിമിറ്റേഷൻ പ്രക്രിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ വാദം. ജനസംഖ്യയിലെ മാറ്റം അനുസരിച്ച് പാർലമെന്‍റ്, അസംബ്ലി മണ്ഡലങ്ങളുടെ അതിരുകൾ പുനർനിർണയിച്ചാന്‍ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും. ഈ സംസ്ഥാനങ്ങൾ വർഷങ്ങളായി കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയത് അങ്ങനെ തിരിച്ചടിയാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കുന്നു.
സ്റ്റാലിന്‍റെ പരാമർശത്തെ എതിർത്ത് ബിജെപി വക്താവ് സി.ആർ കേശവൻ രംഗത്തെത്തി. തമിഴ്നാട്ടിലെ ദുർഭരണത്തിൽ നിന്നും കെടുകാര്യസ്ഥതയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് ആരോപിച്ചു.