സഹപാഠിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചതിന് നേപ്പാളിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളെയും പുറത്താക്കി ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ടെക്‌നോളജി. ടിക്കറ്റ് എടുക്കും മുമ്പ് ബസുകളില്‍ കയറ്റി റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ഇറക്കിവിട്ടതോടെ വിദ്യാർഥികൾ തെരുവിലായിരിക്കുകയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ നിർദ്ദേശപ്രകാരം എംബസി ഉദ്യോഗസ്ഥർ ക്യാംപസിൽ എത്തി.
കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ടെക്‌നോളജിയിലെ നേപ്പാൾ സ്വദേശിയായ വിദ്യാർഥിനിയെ ഞായറാഴ്ചയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയുടെ മരണം ബന്ധു പൊലീസില്‍ അറിയിക്കുകയായിരുന്നു . മുൻ കാമുകൻ പീഡനത്തിനിരയാക്കുകയായിരുന്നു എന്നും ഇക്കാര്യം പരാതിപ്പെട്ടിട്ടും അധികൃതർ നടപടി എടുത്തില്ലെന്നും ആരോപിച്ചാണ് ക്യാംപസില്‍ നേപ്പാളിൽ നിന്നുള്ള 500 ഓളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
എന്നാൽ ആത്മഹത്യയിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടതിനുപകരം മുഴുവൻ വിദ്യാർഥികളെയും പുറത്താക്കാനാണ് KIIT തിടുക്കം കാട്ടിയത്. സർവകലാശാലയുടെ ബസ്സിൽ വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ഇറക്കിവിട്ടു. ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത വിദ്യാർഥികൾ തെരുവിൽ കഴിയുകയാണ്. പരീക്ഷാ അടുത്തെത്തി നിൽക്കെ ഹോസ്റ്റലിൽ നിന്ന് വലിച്ചിഴച്ചും മർദ്ദിച്ചുമാണ് വിദ്യാർഥികളെ പുറത്താക്കിയത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും എൻ എസ് യു ആവശ്യപ്പെട്ടു. തെരുവിലായ വിദ്യാർത്ഥികൾക്ക് സഹായവുമായി എബിവിപിയുമെത്തി.