സവര്‍ണജാതിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ വിവാഹപന്തലില്‍ എത്തി വരന്‍. ഗുജറാത്തിലെ പലൻപൂരിലെ ബനാസ്കാന്താ ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാഗത്തിൽ നിന്നുള്ള അഭിഭാഷകൻ കൂടിയായ മുകേഷ് പരേച്ചയാണ് കുതിരപ്പുറത്ത് വരുന്നതിന് പൊലീസ് സംരക്ഷണം തേടിയത്. തുടര്‍ന്ന് 145 പൊലീസുകാരുടെ സംരക്ഷണവും ഡ്രോണ്‍ നിരീക്ഷണവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടൊപ്പമാണ് മുകേഷ് വധുവിന്‍റെ വീട്ടിലേക്ക് എത്തിയത്. മൂന്ന് സബ് ഇൻസ്‌പെക്ടർമാരും ഒരു എസ്.ഐയും അടക്കമുള്ളവരാണ് ഇതിന് നേതൃത്വം നൽകിയത്.
വിവാഹത്തിന് മുമ്പ് കുതിരപ്പുറത്ത് കേറി വരാന്‍ ഇവിടുത്തെ ദളിത് വിഭാഗത്തിന് വിലക്കുണ്ട്. സവര്‍ണവിഭാഗത്തിന് മാത്രമാണ് ഇങ്ങനെ വരാന്‍ അധികാരം. എന്നാല്‍ തന്‍റെ വിവാഹത്തിന് കുതിരപ്പുറത്തേറി തന്നെ വരണമെന്ന ആഗ്രഹത്തില്‍ മുകേഷ് ഉറച്ചുനിന്നതോടെ സംരക്ഷണം നല്‍കാന്‍ പൊലീസും തീരുമാനിച്ചു.
ജനുവരി 22നായിരുന്നു 33 കാരനായ വരൻ വധു ഗൃഹത്തിലേക്ക് കുതിരപ്പുറത്ത് വന്നത്. മൂന്ന് സബ് ഇൻസ്പെക്ടർമാർ, പൊലീസ് ഇൻസ്പെക്ടർ എന്നവരുടെ അകമ്പടിയിലാണ് വരനെത്തിയത്. കുതിരപ്പുറത്ത് വന്നപ്പോള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കാറിലേക്ക് കയറിയപ്പോൾ ആരോ കല്ലെറിഞ്ഞെന്ന് വരൻ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ പൊലീസ് ഇൻസ്പെക്ടർ തന്നെ യുവാവിനെ കാറിൽ വീട്ടിലേക്ക് എത്തിച്ചുവെന്നും മുകേഷ് പരേച്ച കൂട്ടിച്ചേര്‍ത്തു.