രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. പരാമര്‍ശം ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് ആരോപിച്ച് മോൻജിത് ചേതിയ എന്നയാള്‍ നല്‍കിയ പരാതിയില്‍, ഗുവാഹത്തി പാൻ ബസാർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് എഫ്ഐആര്‍.
ബുധനാഴ്ച ഡൽഹിയില്‍ കോൺഗ്രസിന്‍റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുൽ വിവാദ പരാമര്‍ശം നടത്തിയത്. നമ്മള്‍ പോരാടുന്നത് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും ഇന്ത്യ രാജ്യത്തോടു തന്നെയുമാണ് എന്നായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. ഭാരതീയ ന്യായ സംഹിത 152, 197(1)d വകുപ്പുകൾ പ്രകാരം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിച്ചുവെന്നും പരാതിക്കാരനായ മൊൻജിത് ചേതിയ ആരോപിച്ചു.