ആഭ്യന്തര കലാപം രൂക്ഷമായിരിക്കുമ്പോള്‍ പോലും ഇന്ത്യയും സിറിയയും ഊഷ്മളമായ നയതന്ത്ര ബന്ധമാണ് തുടര്‍ന്നുപോന്നത്. യുദ്ധവും ഭൂകമ്പവും തകര്‍ത്ത സിറിയയുടെ പുനര്‍നിര്‍മാണത്തിന് ഇന്ത്യ കയ്യയച്ച് സഹായങ്ങള്‍ നല്‍കിയിരുന്നു. അതിനിടെയാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പുറത്താക്കി പ്രതിപക്ഷവും വിമതസേനയും അധികാരം പിടിച്ചത്. വിമതര്‍ മുന്നേറ്റം തുടങ്ങിയപ്പോള്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് മടങ്ങിപ്പോരാനും അവിടെ തുടരുന്നവരോട് സുരക്ഷിതരായിരിക്കാനും നിര്‍ദേശിച്ച വിദേശകാര്യമന്ത്രാലയം പുതിയ ഭരണകൂടത്തെ എങ്ങനെ സമീപിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
2015ല്‍ കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ദമാസ്കസിലെ ഇന്ത്യന്‍ എംബസിയിലെ ആളെ കുറച്ചെങ്കിലും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. 2023ല്‍ അറബ് ലീഗില്‍ സിറിയയെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ നയതന്ത്ര ബന്ധം ദൃഢമാക്കി. ഭൂകമ്പം തകര്‍ത്ത സിറിയയ്ക്ക് ഓപ്പറേഷന്‍ ദോസ്തിയുടെ ഭാഗമായി വലിയ സഹായങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്നത്തെ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍, ദമാസ്കസില്‍ പ്രസിഡന്‍റ് അസദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വികസന പങ്കാളിത്തം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു .
സിറിയൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാന്‍ 300 സ്‌കോളർഷിപ്പുകൾ നല്‍കാനും കാൻസർ പ്രതിരോധ മരുന്നുകളടക്കം അയയ്ക്കാനും ആ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. എന്നാല്‍ പുതിയ ഭരണകൂടത്തെ നയിക്കുന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള എച്ച്ടിഎസുമായുള്ള ഇന്ത്യന്‍ നയതന്ത്ര ബന്ധം എങ്ങിനെയാവുമെന്ന് വ്യക്തമല്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.