മണിപ്പൂര്‍ കലാപത്തിലെ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിച്ചതും കയ്യേറിയതുമായ സ്വത്തുക്കളെക്കുറിച്ച് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രതികള്‍ക്കെതിരെ എന്തുനടപടിയെടുത്തെന്നറിയിക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചാണ് സുപ്രീം കോടതി വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. കലാപത്തിൽ തീവച്ചുനശിപ്പിച്ചതും ഭാഗികമായി കത്തിച്ചതും കൊള്ളയടിച്ചതും
കയ്യേറിയതുമായ കെട്ടിടങ്ങളുടെയും മറ്റു സ്വത്തുക്കളുടെയും വിവരങ്ങള്‍ നല്‍കണം.
ഇത്തരം സ്വത്തുക്കള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ എന്തു നടപടികളെടുത്തു, യഥാർത്ഥ ഉടമയ്ക്ക് സ്വത്ത് തിരിച്ചുനല്‍കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് വിവരം നല്‍കാനും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയാമെന്നും കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിശദാംശങ്ങൾ ഫയൽ ചെയ്യാമെന്നും അക്രമം തടയുന്നതിനും ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും സംസ്ഥാനത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ മേത്ത മറുപടി നല്‍കി. പുനരധിവാസത്തില്‍ തടസങ്ങളുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ പാനലിന്‍രെ അഭിഭാഷക അറിയിച്ചു.
ജനുവരി മൂന്നാംവാരത്തില്‍ കേസ് വീണ്ടും പരിഗണിക്കും. നാശനഷ്ടങ്ങളെക്കുറിച്ചുള്‍പ്പെടെ സര്‍ക്കാര്‍ കൃത്യമായ കണക്ക് നല്‍കിയാല്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്യപ്പെടാത്ത അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊണ്ടേക്കാം. സുപ്രീം കോടതിയുടെ തുടര്‍നടപടിയും നിര്‍ണായകമാവും.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിഷേധവും തുടരുകയാണ്. സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും മണിപ്പൂരില്‍നിന്നുള്ള എംഎൽഎമാരും പ്രതിഷേധിച്ചു.