വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. 24 മണിക്കൂർ മുമ്പേ ടിക്കറ്റ് നിരക്ക് മാറ്റാമെന്ന വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. ഭേദഗതികൾ ഉൾക്കൊള്ളിച്ച ബില്ലിന് ഹിന്ദിയിൽ വായുയാൻ വിധേയക് എന്ന് പേരിട്ടത് രാജ്യത്തിൻ്റെ പൈതൃകവും സംസ്കാരവും ഉൾക്കൊണ്ടാണെന്നും മന്ത്രി മറുപടി നൽകി. ബിൽ രാജ്യസഭ പാസാക്കി.
വിമാന കമ്പനികൾക്ക് അനുകൂലവും യാത്രക്കാർക്ക് തിരിച്ചടിയുമായിരുന്ന 24 മണിക്കൂറ് മുമ്പ് ടിക്കറ്റ് നിരക്ക് മാറ്റാമെന്ന വ്യവസ്ഥയാണ് സർക്കാർ എടുത്തു കളഞ്ഞത്. വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഒരു മാസം മുമ്പ് DGCA യെ അറിയിക്കണം. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾവിമാന ഇന്ധനത്തിന് ഏർപ്പെടുത്തുന്ന VAT പരിശോധിക്കണമെന്നും VAT ൽ കുറവ് വരുത്താൻ പല സംസ്ഥാനങ്ങളും തയ്യാറാകുന്നില്ലെന്നും വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു പറഞ്ഞു. രാജ്യസഭയിൽ വായുയാൻ വിധേയക് ബില്ലിലെ ചർച്ചക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
യാതക്കാരുടെ സുരക്ഷക്കാണ് സർക്കാർ പ്രഥമ പരിഗണ നൽകുന്നത് എന്നും വ്യാജ ഭീഷണി കോളുകൾ ലഭിച്ചാൽ പ്രേട്ടോക്കോളുകൾ പ്രകാരം മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇത്തരം ഭീഷണികളെ ലഘൂകരിച്ച് തള്ളികളയാനാകില്ല. ബില്ലിന് വായുയാൻ വിധേയക് എന്ന ഹിന്ദി പേര് നൽകിയതിൽ അസ്വസ്ഥത വേണ്ടെന്നും രാജ്യത്തിൻ്റെ പൈതൃകവും സംസ്കാരവും ഉൾക്കൊണ്ടാണ് പേരിട്ടതെന്നും മന്ത്രി പറഞ്ഞു. ബില്ലിൻ്റെ പേര് കേന്ദ്ര സർക്കാരിൻ്റെ സങ്കുചിത രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണെന്നും ടാറ്റയും അദാനിയും ഇൻഡിഗോയുമാണ് വ്യോമയാന മേഖല നിയന്ത്രിക്കുന്നതെന്നും എ എ റഹിം എം പി ചർച്ചയിൽ വിമർശിച്ചിരുന്നു. യാത്രക്കാരുടെ ദുരിതങ്ങൾ മനസിലാക്കാത്ത ബില്ലാണിതെന്ന് പി സന്തോഷ് കുമാർ എം.പി യും പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയിൽ എന്ന് ഹാരിസ് ബീരാനും കുറ്റപ്പെടുത്തി .