ലഹരികടത്തു കേസുമായി ബന്ധപ്പെട്ട് നടന്‍ മന്‍സൂര്‍ അലിഖാന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് അലിഖാന്‍ തുഗ്ലക്കിനെ ചോദ്യം ചെയ്ത ശേഷം ഇന്നലെയാണ് തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ലഹരിവ്യാപാരത്തില്‍ പ്രധാന കണ്ണിയാണ് അലിഖാന്‍ എന്ന് പൊലീസ് പറയുന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തുപേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നു കൂട്ടാളികള്‍ക്കൊപ്പമാണ് തുഗ്ലക്ക് അറസ്റ്റിലാവുന്നത്. മൊബൈൽ ആപ്പ് വഴി ലഹരി മരുന്നുകളും കഞ്ചാവും വിറ്റതിനു കഴിഞ്ഞ നവംബർ 4ന് അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അലി ഖാൻ തുഗ്ലക്കിനെയും പൊലീസ് ചോദ്യം ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് കടത്തി സ്വകാര്യകോളജുകളിലെ വിദ്യാര്‍ഥികള്‍ക്കെത്തിക്കുകയായിരുന്നു സംഘത്തിന്‍റെ രീതി. പിടിയിലായ പത്തുപേരില്‍ തുഗ്ലക്ക് ഉള്‍പ്പെടെ ഏഴുപേരെ അമ്പാട്ടൂര്‍ കോടതിയില്‍ ഹാജരാക്കി . എല്ലാവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലഹരികടത്തുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താനാണ് പ്രത്യേക പൊലീസ് സംഘത്തിന്‍റെ തീരുമാനം.