ജിയോ ഹോട്ട്സ്റ്റാര്‍ ഡൊമെയിന്‍ നെയിം വില്‍ക്കാന്‍ തയ്യാറെന്ന് നിലവിലെ ഉടമകളായ ദുബായ് ആസ്ഥാനമായ സഹോദരങ്ങള്‍. റിലയന്‍സ് ടീമിന് ഈ ഡൊമെയിന്‍ ആവശ്യമാണെങ്കില്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാമെന്നാണ് ഇരുവരും വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ് തയ്യാറാക്കിയ ഡല്‍ഹിക്കാരനായ ആപ്പ് ഡെവലപ്പറില്‍ നിന്നാണ് ഇവര്‍ ഡൊമെയിന്‍ വാങ്ങിയത്.
ഡൊമെയിന്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ച് നിരവധി ഓഫറുകള്‍ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. വലിയ തുകയ്ക്കാണ് പല ഓഫറുകളും ലഭിച്ചത്. എന്നാല്‍ ഡൊമെയിന്‍ വില്‍ക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇവര്‍. ഡല്‍ഹി സ്വദേശിയായിരുന്ന ഡെലവപ്പറുടെ ഉന്നത പഠനത്തിന് സഹായിക്കാനാണ് ഇവര്‍ ഡൊമെയിന്‍ വാങ്ങിയതെന്നാണ് വെബ്സൈറ്റില്‍ വിശദീകരിച്ചിരിക്കുന്നത്.
'പല ഓഫറുകളും മെയില്‍ മുഖാനന്തരം വന്നു. സത്യമാണോ എന്നറിയാന്‍ അവരുമായി ബന്ധപ്പെട്ടു. ചിലത് തട്ടിപ്പും മറ്റു ചിലത് യാഥാര്‍ഥ്യവുമായിരുന്നു. പലരും വലിയ തുക വാഗ്ദാനം ചെയ്തു. എന്നാലിത് വില്‍ക്കാന്‍ തയ്യാറല്ലെന്ന് എല്ലാവരെയും അറിയിച്ചു' എന്ന് വെബ്സൈറ്റിലുണ്ട്. ഇത്രയും ശ്രദ്ധ പ്രതീക്ഷിച്ചിരുന്നില്ല, വിവാദമുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഡെവലപ്പറെ പിന്തുണയ്ക്കുകയും ഞങ്ങളുടെ സേവന വിവരങ്ങള്‍ പങ്കിടുകയുമായിരുന്നു വെബ്സൈറ്റിലൂടെ ലക്ഷ്യമിട്ടതെന്നും ഇരുവരും വ്യക്തമാക്കി.
ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിലയന്‍സിന് തന്നെ ഈ ഡൊമെയിന്‍ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നാണ് സഹോദരങ്ങള്‍ സൈറ്റില്‍ പറയുന്നത്. റിലയന്‍സിന് ആവശ്യമെങ്കില്‍ കൃത്യമായ നടപടികളിലൂടെ സൗജന്യമായി ഇത് നല്‍കാന്‍ തയ്യാറാണ്. റിലയന്‍സില്‍ നിന്നുള്ള ആരെങ്കിലും തങ്ങളെ ബന്ധപ്പെടുകയോ എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബന്ധപ്പെടാനായി jainam@1xl.com, jivika@1xl.com എന്നി മെയില്‍ അഡ്രസുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഡൊമെയിന്‍ നെയിം കയ്യിലാക്കിയ ഡല്‍ഹിക്കാരനായ ടെക്കി ഇത് വില്‍പ്പനയ്ക്ക് വെച്ചതോടെയാണ് വാര്‍ത്തയായത്. ഉന്നത പഠനത്തിന്‍റെ ചിലവായ ഒരു കോടി രൂപയാണ് ഇദ്ദേഹം റിലയന്‍സിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജിയോ ഹോട്ട്സ്റ്റാര്‍ ഡൊമെയിന്‍ ദുബായിലുള്ള സഹോദരങ്ങള്‍ക്ക് വിറ്റതായി വെബ്സൈറ്റില്‍ അറിയിപ്പ് വന്നത്.