ജിലേബിക്ക്, ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ റോളായിരുന്നു, ഒരു പ്രചാരണായുധമായിരുന്നു എന്നുവേണമെങ്കില്‍ പറയാം. പ്രചാരണറാലിക്കിടെ രാഹുല്‍ഗാന്ധി പറഞ്ഞ വാക്കുകളാണ് അതിനു കാരണം. അധികാരത്തിലെത്തിയാല്‍ ഹരിയാനയില്‍ നിന്നും ജിലേബി ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി പാര്‍ട്ടി പരാജയം നേരിട്ടതോടെ ജിലേബിയുടെ പേരില്‍ രാഹുലിനെ ട്രോളുകയാണ് ഹരിയാന ബിജെപി.
സംസ്ഥാനത്ത് മൂന്നാമതും വിജയം സ്വന്തമാക്കിയ ബിജെപി ഇത്തവണ ഒരു കിലോ ജിലേബിയാണ് രാഹുലിനായി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. പണം കാഷ് ഓണ്‍ ഡെലിവറി. രാഹുലിന് ജിലേബി കിട്ടുമ്പോള്‍ രാഹുല്‍ഗാന്ധി പണമടക്കണം. ഡല്‍ഹി കൊണാട്ട്പ്ലേസിലുള്ള ബിക്കനേര്‍വാല സ്റ്റോറില്‍ നിന്നാണ് 609 രൂപയ്ക്ക് ഒരു കിലോ ജിലേബി ഓര്‍ഡര്‍ ചെയ്തത്. ടാക്സ് ഉള്‍പ്പെടെയാണ് ഈ വില.
24, അക്ബര്‍ റോഡ്, കോണ്‍ഗ്രസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, എന്ന അഡ്രസാണ് ഓര്‍ഡര്‍ ലിസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ജിലേബി ഫോര്‍ രാഹുല്‍ഗാന്ധി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ബില്ലില്‍ അവസാനമാണ് ട്വിസ്റ്റ്, പേയ്മെന്റ് കാഷ് ഓണ്‍ ഡെലിവറി, അത് രാഹുല്‍ കൊടുക്കണം. ഹരിയാനയിലെ എല്ലാ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പേരില്‍ രാഹുല്‍ ഗാന്ധിക്കൊരു കിലോ ജിലേബി അയക്കുന്നു എന്ന ടൈറ്റിലോടെ ബില്‍ സഹിതമാണ് ബിജെപി സംഭവം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഹരിയാനയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും വലിയ പൊട്ടിത്തെറി സംഭവിച്ചു. സ്ഥാനാർഥി നിർണയവും ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് പൂർണ അധികാരം നൽകിയതും പാളി എന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തില്ലെന്ന് എ.എ.പി ആരോപിച്ചു. ഹരിയാനയിലെ പരാജയം ഒരു തരത്തിലും വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇതിനിടെയാണ് പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള വിമർശനം.