പിടികൂടിയ അരക്കോടിയുടെ മദ്യം നടുറോഡില്‍ പ്രദര്‍ശിപ്പിച്ചു ഷോ കാണിക്കാനിറങ്ങിയ പൊലീസിനു പണികൊടുത്തു ജനക്കൂട്ടത്തിന്റെ മിന്നലാക്രമണം. നശിപ്പിക്കാനായി മണ്ണുമാന്തി യന്ത്രമെത്തിച്ചതോടെ റോഡില്‍ നിരത്തിവച്ച മദ്യക്കുപ്പികള്‍ ജനം പെറുക്കിയെടുത്തോടി. ആന്ധ്രാപ്രദേശിലെ ഗുണ്ടുരിലാണു മദ്യസ്നേഹികള്‍ പൊലീസിനെ വെള്ളം കുടിപ്പിച്ചത്
കഴിഞ്ഞ ആറുമാസത്തിനിടെ പിടികൂടിയ മദ്യം നടുറോഡിലിട്ടു നശിപ്പിച്ചു ജനത്തിനൊരു സന്ദേശം കൊടുക്കണമെന്നേ ഗുണ്ടൂര്‍ പൊലീസ് ഉദ്ദേശിച്ചിരുന്നൊള്ളൂ. 50 ലക്ഷം രൂപ വിലവരുന്ന 24000 മദ്യകുപ്പികളാണു ഗുണ്ടൂര്‍ നല്ലചെരുവ് ഡംപിങ് യാര്‍ഡിനു മുന്നിലെ എറ്റുമുരു റോഡില്‍ നിരത്തിവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയവയായിരുന്നു ഇവയില്‍ ഭൂരിപക്ഷവും. എസ്.പി. സതീഷ്കുമാറെത്തി നശീകരണ ബോധവല്‍ക്കരണ പരിപാടിക്ക് കൊടിവീശി. എസ്.പിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം വിട്ടതോടെ നടന്നത് ഇതാണ്
പൊലീസുകാര്‍ നോക്കി നില്‍ക്കെ ആവശ്യമുള്ള കുപ്പികളെല്ലാം ആളുകള്‍ എടുത്തുകൊണ്ടുപോയി. ഏറ്റവും കൂടുതല്‍ നശിപ്പിക്കാനായി എത്തിച്ചിരുന്ന ബ്രിങ് യുവര്‍ ബോല്‍ഡ്നസെന്ന ബ്രാന്‍ഡിന്റ അര്‍ഥം ജനം ശരിക്കും ഏറ്റെടുത്തപോലൊയായി പിന്നെ. സാധാരണ ഇത്തരം നശീകരണങ്ങള്‍ക്ക് റോഡ് റോളാണ് ഉപയോഗിക്കാറ്. ഇത്തവണ ഗുണ്ടൂര്‍ പൊലീസെത്തിച്ചതു കൂറ്റന്‍മണ്ണുമാന്തി യന്ത്രമാണ്. ഇതിന്റെ വേഗതക്കുറവും മദ്യസ്നേഹികള്‍ക്കു നല്ല അവസരമായി