തൊഴിലില്ലായ്മയില്‍ ഇന്ത്യയെയും ചൈനയെയും താരതമ്യം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാഹുലിന്റെ ചൈനാ സ്നേഹം വീണ്ടും വെളിവായെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.
ഡള്ളസിലെ ടെക്സസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് ചൈനയെ പുകഴ്ത്തി രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഇന്ത്യയിലും യു.എസിലും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും തൊഴിലില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉത്പാദന മേഖലയിലെ മികവുകാരണം ചൈനയില്‍ അത്തരം പ്രശ്നമില്ല. ഇന്ത്യ ഉത്പാദനമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ചൈന സ്നേഹം വീണ്ടും പുറത്തുവന്നെന്നും ഇന്ത്യയെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണെന്നും BJP ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രാഹുല്‍ ഉത്തരവാദിത്തതോടെ സംസാരിക്കണമെന്ന് നളില്‍ കോലിയും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്നും പ്രമോദ് തിവാരി എം.പി. മറുപടി നല്‍കി.