ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ അന്തിമ പോരാട്ടത്തിന് തയാറെടുത്ത് സിആര്‍പിഎഫ്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിന് നാലായിരം ജവാന്‍മാരെ ബസ്തര്‍ മേഖലയില്‍ അധികമായി വിന്യസിച്ചു.
2026 മാര്‍ച്ചിനുള്ളില്‍ മാവോയിസ്റ്റുകളെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുമെന്നാണ് രണ്ടാഴ്ചയ്ക്ക് മുന്‍പ് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് പ്രശ്നം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. മാവോയിസ്റ്റുകളെ നേരിടാന്‍ മുന്‍നിരയിലുള്ള സിആര്‍പിഎഫാണ് ജാര്‍ഖണ്ഡില്‍നിന്നും ബിഹാറില്‍നിന്നുമായി നാല് ബറ്റാലിയന്‍ ജവാന്‍മാരെ പിന്‍വലിച്ച് ഛത്തീസ്ഗഡില്‍ പുനര്‍വിന്യസിച്ചത്. സുരക്ഷാസേനാംഗങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി തുടരുന്ന തെക്കന്‍ ബസ്തര്‍ മേഖലയിലാകും ഇവര്‍ കേന്ദ്രീകരിക്കുക. CRPFന്‍റെ കോബ്രാ കമാന്‍ഡോകള്‍ കൂടുതല്‍ ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ സ്ഥാപിക്കും. ചെറു ആളില്ല വിമാനങ്ങള്‍, ഡോഗ് സ്ക്വാഡുകള്‍, നവീന വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ അടക്കം സര്‍വസജ്ജരായാണ് മാവോയിസ്റ്റുകള്‍ക്കെതിരായ അന്തിമ ആക്രണത്തിന് സിആര്‍പിഎഫ് തയാറെടുക്കുന്നത്. ഛത്തീസ്ഗഡിലാകെ 40 ബറ്റാലിയന്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ മാവോയിസ്റ്റുകളെ നേരിടുന്നുണ്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 153 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്