ഹരിയാനയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മല്‍സരിച്ചേക്കും. സഖ്യചര്‍ച്ചകള്‍ ഫലംകണ്ടില്ല. വൈകിട്ടോടെ 90 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.എ.പി. ഹരിയാന അധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞു.
മണ്ഡലങ്ങളുടെ കാര്യത്തിലും സീറ്റുകളുടെ എണ്ണത്തിലും വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയാറാവാതെ വന്നതോടെയാണ് ഹരിയാനയില്‍ കോണ്‍ഗ്രസ്– എ.എ.പി. സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടത്. വിജയസാധ്യതയുള്ള 10 സീറ്റുകള്‍ വേണമെന്നാണ് എ.എ.പി. നിലപാട്. അഞ്ചുമുതല്‍ എഴുവരെ സീറ്റുകളെ നല്‍കാനാവുവെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും എ.എ.പി. എം.പി. രാഘവ് ഛദ്ദയും മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കുമെന്ന് എ.എ.പി. സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചത്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് ദേശീയ നേതൃത്വവും പറയുന്നു.
കോണ്‍ഗ്രസ് ഹരിയാന ഘടകം നേരത്തെ മുതല്‍ സഖ്യത്തിന് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഒരുമിച്ചായിരുന്നെങ്കിലും ആകെ ലഭിച്ച ഒരു സീറ്റില്‍ വിജയിക്കാന്‍ എ.എ.പിക്ക് സാധിച്ചിരുന്നില്ല. കോണ്‍ഗ്രസുമായി സഖ്യം വേണോയെന്ന് പരിശോധിക്കണമെന്ന് എ.എ.പി. എം.എല്‍. സോംനാഥ് ഭാരതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്നാണ് എ.എ.പി.– കോണ്‍ഗ്രസ് ഭിന്നത വ്യക്തമാക്കുന്നത്.