ജമ്മു കശ്മീരില്‍ നാല് ഘട്ടമായി നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കം തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് തീയതി മാസാവസാനത്തോടെ പ്രഖ്യാപിക്കും. 600 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം.
2019ല്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. ജമ്മു മേഖലയിലും കശ്മീര്‍ താഴ്‌വരയിലുമുള്ള സുരക്ഷാസാഹചര്യം വെല്ലുവിളിയായി തുടരുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രശ്നബാധിതമായ വടക്കന്‍ കശ്മീരിലാകും ആദ്യഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ തെക്കന്‍ കശ്മീരിലെ മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക് പോകും. പിന്നീട് ജമ്മു മേഖലയും സെന്‍ട്രല്‍ കശ്മീരിലെ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ്. സാഹചര്യമനുസരിച്ച് അഞ്ച് ഘട്ടം വരെ തിരഞ്ഞെടുപ്പ് നീണ്ടേക്കാം. സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. 2014ലാണ് ജമ്മു കശ്മീരില്‍ അവസാന നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.
മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം അന്തിമഘട്ടത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന പദവി ജമ്മു കശ്മീരിന് ലഭിക്കും. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും കോണ്‍ഗ്രസുമെല്ലാം ആശങ്ക പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ ജനത ആവേശത്തോടെ വോട്ട് ചെയ്യാനെത്തിയതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം.