ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വനമേഖലയില്‍ ഒളിവില്‍ കഴിയുന്ന ഭീകരര്‍ക്കായി പ്രദേശത്ത് വ്യാപക തിരച്ചില്‍. അതിനിടെ, അനന്ത്നാഗില്‍ ഭീകരരുടെ വെടിവയ്പ്പില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഒരുനാട്ടുകാരന്‍ മരിച്ചു.
പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന്, സംശയിക്കുന്ന ഭീകരരാണ്, കിഷ്‌ത്വാറില്‍ പൊലീസ് സ്റ്റേഷന് സമീപത്തായി സുരക്ഷാസേനയെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്. ഭീകരരെ തിരഞ്ഞുപോയ ജമ്മു കശ്മീര്‍ പൊലീസ്–സിആര്‍പിഎഫ്–കരസേനാംഗങ്ങളും ഉള്‍പ്പെട്ട സംയുക്ത സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. വനമേഖലയില്‍ ഒളിവിലുള്ള ഭീകരരെ തിരയാന്‍ പാരാകമാന്‍ഡോകളടക്കം സ്ഥലത്തെത്തി. അനന്ത്നാഗില്‍ ഭീകരരുടെ വെടിവയ്പ്പില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഒരുനാട്ടുകാരന്‍ മരിച്ചു. അബ്ദുല്‍ റാഷിദ് ദര്‍ എന്നയാളാണ് ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെ മരിച്ചത്. അനന്ത്നാഗില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ രണ്ട് കരസേനാംഗങ്ങള്‍ വീരമൃത്യുവരിക്കുകയും മറ്റ് നാല് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദോഡയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കൊക്കേര്‍നാഗ് മേഖലയിലേക്ക് ഒളിയിടം മാറ്റിയെന്നാണ് വിലയിരുത്തല്‍. ഈ ഭീകരര്‍ തന്നെയാണ് ഇന്നലെ അനന്ത്നാഗില്‍ കരസേനയെ ലക്ഷ്യമിട്ടതെന്നാണ് വിവരം.