ബംഗ്ലദേശിലെ കലാപങ്ങളില്‍ ഇന്ത്യയും ഒരു വിഷയമാണ്. നാടു വിട്ട ഭരണാധികാരി ഷെയ്ഖ് ഹസീന ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ്. ശത്രുവിന്‍റെ മിത്രം ശത്രു എന്ന തത്വമാണ് അവിടെ പ്രതിപക്ഷത്തുള്ള പലരുടെയും ഇന്ത്യാ വിരോധത്തിന് അടിസ്ഥാനം. ബീഗം ഖാലിദാസിയയുടെ ബിഎന്‍പിയും ജമാ അത്തെ ഇസ്ലാമിയുമൊക്കെ ഇതിന് വളംവയ്ക്കുന്നുണ്ട്. ചൈന–പാക്കിസ്ഥാന്‍ കുത്തിത്തിരുപ്പുകളും കൂടിയാകുമ്പോള്‍ അത് ശക്തമാകുന്നു. ഈ ഇന്ത്യാ വിരുദ്ധര്‍ക്ക് ചരിത്രം പക്ഷേ മാപ്പുകൊടുക്കില്ല. ബംഗ്ലാദേശ് എന്ന രാജ്യം അതിന്‍റെ സൃഷ്ടിക്ക് തന്നെ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. ലോക യുദ്ധ ചരിത്രത്തിലെ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരദ്ധ്യായത്തിലൂടെയായിരുന്നു ഇന്ത്യ പാക്കിസ്ഥാന്‍റെ പിടിയില്‍ നിന്ന് ബംഗ്ലദേശികളെ മോചിപ്പിച്ചത്. ബംഗ്ലദേശ് അശാന്തമായി തിളച്ചു മറിയുന്ന ഈ സമയത്ത് ആ കഥയറിയണം. മതം ഒറ്റക്കാര്യം കൊണ്ട് മാത്രം രാജ്യം നിലനില്‍ക്കുമെന്ന തെറ്റിദ്ധാരണയായിരുന്നു പാക്കിസ്ഥാന്. അതായിരുന്നു അവരുടെ തെറ്റ്. അവിടെ നിന്നാണ് ബംഗ്ലാദേശിന്‍റെ കഥ തുടങ്ങുന്നത്
1947ല്‍ വിഭജനം നടന്നപ്പോള്‍ പാക്കിസഥാന്‍ എന്ന രാജ്യം രണ്ടു കഷണങ്ങളായാണ് നിലവില്‍ വന്നത്. ഒന്ന്, ബംഗാളി സംസാരിക്കുന്നവരുടെ കിഴക്കന്‍ പാക്കിസ്ഥാന്‍. രണ്ട് പഞ്ചാബിയും ഉര്‍ദുവും സംസാരിക്കുന്നവരുടെ പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍. നമ്മള്‍ ഇന്ന് പാക്കിസ്ഥാന്‍ എന്നു വിളിക്കുന്ന പടിഞ്ഞാന്‍ പാക്കിസ്ഥാനായിരുന്നു പട്ടാളത്തിലും സമ്പത്തിലും അധികാരത്തിലും ഒക്കെ സ്വാധീനം. ബംഗ്ലാദേശ് എന്ന് ഇന്ന് വിളിക്കുന്ന ഭാഗത്തുള്ളവര്‍ എല്ലാത്തിലും പിന്നാക്കവും. ബംഗ്ലാദേശിലുള്ളവരുടെ മേല്‍ അധികാര പ്രയോഗം നടത്തുന്നത് പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ ഇഷ്ടവിനോദമായിരുന്നു. 90 ശതമാനവും ബംഗാളി സംസാരിക്കുന്നവരായിട്ടും ഉര്‍ദു അടിച്ചേല്‍പ്പിച്ചത് അതിലൊന്നു മാത്രം. ആകെ പാക്കിസ്ഥാന്‍റെ 59 ശതമാനം കയറ്റുമതിയും കിഴക്കന്‍ മേഖലയില്‍ നി്നനായിരുന്നു. പക്ഷേ 25 ശതമാനം മാത്രമായിരുന്നു കേന്ദ്ര നിക്ഷേപം. 1970 നവംബറില്‍ ഭോല ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ 3 ലക്ഷം ബംഗ്ലദേശികളാണ് മരിച്ചത്. കാര്യമായ ദുരിതാശ്വാസം അവര്‍ക്ക് പക്ഷേ കിട്ടിയില്ല. കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് അവര്‍ സമരം ആരംഭിച്ചു. സമരത്തെ പാക്ക് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങി. സമരം സ്വാതന്ത്ര്യ പ്രസ്ഥാനമായി മാറി.
1970 ഡിസംബറില്‍ പട്ടാള ഭരണാധികാരി ജനറല്‍ യാഹ്യാഖാന്‍ പാക്ക് പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുപ്പ് നടത്തി. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മുജീബ് ഉര്‍ റഹ്മാന്‍റെ അവാമി ലീഗുമാണ് പ്രധാന പാര്‍ട്ടികള്‍. ആകെയുള്ള 300 സീറ്റില്‍ 162 എണ്ണം പടിഞ്ഞാറും 138 സീറ്റ് കിഴക്കും ആയിരുന്നു. കിഴക്ക് അഥവാ ബംഗ്ലാദേശിലുള്ള 99 ശതമാനം സീറ്റും മുജീബ് റഹ്മാന്‍റെ പാര്‍ട്ടി നേടി. അവാമി ലീഗ് 160, പി പി പി 86 . ഇതോടെ പാക്ക് നാഷണല്‍ അസംബ്ളിയില്‍ ഭൂരിപക്ഷം അവാമി പാര്‍ട്ടിക്കായി. എന്നാല്‍ മുജീബിനെ സര്‍ക്കാരുണ്ടാക്കാന്‍ യാഹ്യാഖാന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ യാഹ്യയോടൊപ്പം പട്ടാളവും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഒന്നിച്ചു നിന്നു. അവാമി പാര്‍ട്ടി നിയമലംഘന സമരം ആരംഭിച്ചു. 1971 മാര്‍ച്ച് 25ന് പാക്കിസ്ഥാന്‍ പട്ടാള നടപടി തുടങ്ങി. മുജീബുര്‍ റഹ്മാനെ അറസ്റ്റ് ചെയ്ത് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ എത്തിച്ചു.
പാക്ക് പട്ടാള നടപടി അതിഭീകരമായിരുന്നു. ആയിരക്കണക്കിന് നിരപരാധികളെ പാക്ക് പട്ടാളം കൊന്നൊടുക്കി. ഗ്രാമങ്ങള്‍ നശിപ്പിച്ചു. ആറു മാസം നീണ്ട നടപടിയും കലാപവും സ്വൈര ജീവിതം നശിപ്പിച്ചു. അവാമി ലീഗ് നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തി പ്രവാസ സര്‍ക്കാരിന് രൂപം കൊടുത്തു. മുക്തി ബാഹിനി എന്ന സേനയും ആരംഭിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി. അതൊരു ചെറിയ ഒഴുക്കായിരുന്നില്ല. 1971ഒാടെ 10 ലക്ഷം പേരാണ് ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലെത്തിയത് .ഇന്ത്യയില്‍ ബംഗ്ലാദേശികളോടുള്ള സഹതാപം അലയടിച്ചു. സൈനിക നടപടി വേണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ ആലോചിച്ച് നീങ്ങാനായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ തീരുമാനം.
രണ്ടു കാര്യങ്ങളില്‍ ഇന്ദിര പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്, യുദ്ധം ഉണ്ടായാല്‍ അത് ഇന്ത്യ തീരുമാനിക്കുന്ന തീരുമാനിക്കുന്ന സമയത്തായിരിക്കണം. മഴക്കാലത്ത് ബംഗ്ലാദേശിലെ നദികള്‍ നിറഞ്ഞൊഴും. അത് സേനാമുന്നേറ്റത്തിന് തടസ്സമാകും. അതുകൊണ്ട് മറ്റൊരു സമയം കണ്ടെത്തണം. മഞ്ഞ് കാലമാണ് നല്ലത്. അപ്പോള്‍ ഹിമാലയന്‍ പാതകള്‍ മഞ്ഞ് വീണ് മൂടും. ചൈനയ്ക്ക് പാക്കിസ്ഥാനെ പട്ടാളമയച്ച് സഹായിക്കാന്‍ പറ്റില്ല. രണ്ട്, രാജ്യാന്തര അഭിപ്രായം നിര്‍ണായകമാണ്. ഇന്ത്യ അക്രമകാരികളാണെന്ന പ്രചാരണം പാക്കിസ്ഥാന്‍ നടത്താന്‍ ഇടയാക്കരുത് എന്നും ഇന്ദിരക്കുണ്ടായിരുന്നു.
അഭയാര്‍ഥി പ്രശ്നം ഇന്ത്യ രാജ്യാന്തര തലത്തില്‍ നന്നായി അവതരിപ്പിച്ചു. മുജീബ് ഉര്‍ റഹ്മാന്‍റെ പ്രവാസ സര്‍ക്കാരിന് പിന്തുണ കൊടുത്തു. മുക്തിബാഹിനിക്ക് പരിശീലനവും പണവും നല്‍കി. സാമ്പത്തിക ക്ളേശം വകവയ്ക്കാതെ അഭയാര്‍ത്ഥികള്‍ക്ക് സഹായം കൊടുത്തു. ഏപ്രില്‍ മുതല്‍ പട്ടാളം തയാറെടുപ്പ് തുടങ്ങി. രാജ്യാന്തര ഇടപെടല്‍ ഉണ്ടാകുന്നതിന് മുന്പ് ദ്രുത ഗതിയില്‍ ആക്ഷന്‍ തീര്‍ക്കാനായിരുന്നു പദ്ധതി. രാജ്യാന്തര തലത്തില്‍ അനുകൂല വികാരമുണ്ടായി. 71 സെപ്തംബറില്‍ ഇന്ദിര സോവിയറ്റ് യൂണിയനില്‍ എത്തി. കമ്യൂണിസ്റ്റ് ബ്ളോക്ക് ഇന്ദിരയെ പിന്തുണച്ചു. അമേരിക്ക പക്ഷേ പാക്കിസ്ഥാന് ആയുധം കൊടുക്കുന്നത് നിര്‍ത്തിയില്ല. ചൈന മുമ്പത്തെപ്പോലെ എതിര്‍പ്പ് തുടര്‍ന്നു. അമേരിക്കയുടെയും ചൈനയുടെയും ഇടപെടല്‍ നേരിടാന്‍ ഇന്തോ സോവിയറ്റ് സമാധാന കരാര്‍ ഒപ്പിട്ടു. ഇത് ഇന്ദിരക്ക് ആത്മവിശ്വാസം വലുതായിരുന്നു. നവംബര്‍ മുതല്‍ എന്തിനും തയാറായി പട്ടാളം നിന്നു. പക്ഷേ ആദ്യ ചുവടുവയ്ക്കാന്‍ ഇന്ദിര മടിച്ചു. അപ്പോഴാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നത്.
ഡിസംബര്‍ 3 ന്. അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ എയര്‍ ഫീല്‍ഡുകള്‍ പാക്ക് സേന ആക്രമിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തു ചോര്‍ത്താനും യുഎന്‍ ഇടപെടല്‍ ഉണ്ടാക്കാനുമായിരുന്നു ആ ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി. ദൈവത്തിനു നന്ദി പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു എന്നാണത്രേ ഇന്ദിര പ്രതികരിച്ചത്. ഇന്ത്യ തിരിച്ചടി തുടങ്ങി. പാക്ക് അതിര്‍ത്തിയില്‍ ചെറുത്തുനില്‍പ് ശക്തമാക്കി. ബംഗ്ലാദേശില്‍ കടുത്ത ആക്രമണം നടത്തി. ജനറല്‍ ജെഎസ് അറോറ ഇന്ത്യയെ നയിച്ചു. മുക്തി ബാഹിനി ഒപ്പം ചേര്‍ന്നു. ഇന്ത്യന്‍ പട്ടാളം 11 ദിവസത്തിനകം ധാക്ക വളഞ്ഞു. എല്ലാം ഇന്ത്യ ആസൂത്രണം ചെയ്തപോലെ തന്നെ നടന്നു. പാക്കിസ്ഥാന്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ കിണഞ്ഞു ശ്രമിച്ചു. അമേരിക്കയെ അക്രമി രാജ്യമായി പ്രഖ്യാപിച്ചു. എല്ലാ സാമ്പത്തിക സഹായവും നിര്‍ത്തി. വെടിനിര്‍ത്തലിനും സേനാ പിന്‍മാറ്റത്തിനുമായി രണ്ടു പ്രമേയങ്ങള്‍ യുഎന്നില്‍ കൊണ്ടു വന്നു. സോവിയറ്റ് യൂണിയന്‍ വീറ്റോ ചെയ്തു. ബ്രിട്ടനും ഫ്രാന്‍സും വിട്ടുനിന്നു. അങ്ങനെ ആ നീക്കം പാളി. പക്ഷേ നിക്സണ്‍ വിട്ടില്ല. അമേരിക്കയുടെ ഏഴാം കപ്പല്‍ പട ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷ്യം വച്ച് നീങ്ങി. ആണവ ശേഷിയുള്ള വിമാനവും വഹിച്ചു കൊണ്ട്. പാക്കിസ്ഥാന്‍റെ കീഴടങ്ങല്‍ വൈകിക്കലായിരുന്നു ലക്ഷ്യം. ഇന്ദിര ഈ ഭീഷണി വകവച്ചില്ല. സോവിയറ്റ് യൂണിയന്‍റെ പിന്തുണ വലിയൊരു ധൈര്യമായിരുന്നു. അവര്‍ ജനറല്‍ മനേക് ഷായോട് പണി വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. 1971 ഡിസംബര്‍ 16. ധാക്ക കീഴ്പ്പെടുത്തി. 93,000 പാക്ക് ഭടന്‍മാര്‍ ഇന്ത്യക്കു മുന്നില്‍ അപമാന ഭാരത്തോടെ കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മൂന്ന് തവണ മാത്രമാണ് ലോകം ഇത്തരത്തിലെ സമ്പൂര്‍ണ കീഴടങ്ങല്‍ കണ്ടിട്ടുള്ളത്.
ഡിസംബര്‍ 17ന് ഇന്ത്യ പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സേനയെ രക്ഷകരായി കണ്ടു ബംഗ്ലദേശി ജനത. മുജീബുര്‍ റഹ്മാനെ വിട്ടയച്ചു. 72 ജനുവരി 12 ന് അധികാരമേറ്റു. 15 ലക്ഷത്തോളം പാവപ്പെട്ട ബംഗ്ലദേശുകാരെയാണ് പാക്ക് പട്ടാളം കൊന്നൊടുക്കിയത്. ആ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലദേശികളെ രക്ഷിച്ചത്, അവര്‍ക്കൊരു രാജ്യമുണ്ടാക്കാന്‍ സഹായിച്ചത് ഇന്ത്യയാണ്. ഇത് ചരിത്രമാണ്. ബംഗ്ലദേശിലെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും പുതു തലമുറ മറക്കാന്‍ പാടില്ലാത്ത ചരിത്രം. ബംഗ്ലാദേശുകാര്‍ മറന്നിട്ടുണ്ടെങ്കില്‍ യുദ്ധകാലത്ത് 31 വയസുകാരനായിരുന്ന ഇപ്പോഴത്തെ ഭരണാധികാരി മുഹമദ് യൂനസ് അതോര്‍മിപ്പിക്കണം