ഇംഗ്ലീഷ് അധ്യാപികയുടെ പീഡന പരാതിക്ക് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ചൊവ്വാഴ്ച സംഭവം. കോച്ചിങ് സെന്‍ററിലെ ഇംഗ്ലീഷ് അധ്യാപിക പരാതി നല്‍കിയതിന് പിന്നാലെയാണ് ഫാര്‍മസി ബിരുദധാരിയായ 19 കാരന്‍ ജീവനൊടുക്കിയത്. അതേസമയം, അധ്യാപിക വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ വാദം.
കോച്ചിങ് സെന്‍ററിലെ അധ്യാപിക മൂന്ന് ദിവസം മുന്‍പാണ് വിദ്യാര്‍ഥിക്കെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം. വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്ത് വിട്ടയിച്ചിരുന്നു. ഇംഗ്ലീഷ് അധ്യാപിക ഭീഷണിയെ തുടര്‍ന്ന് മകന്‍ വിഷാദത്തിലായിരുന്നെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇതോടെ സംഭവത്തിന് പിന്നാലെ യഥാര്‍ഥ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസും വ്യക്തമാക്കി.
'മകനേക്കാള്‍ പ്രായം കൂടിയ സ്ത്രീയാണവര്‍, അവള്‍ക്കെതിരായ പീഡനപരാതി സംബന്ധിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. പക്ഷെ അവരുടെ ഭീഷണി സന്ദേശം ഉള്‍കൊള്ളുന്ന സ്ക്രീന്‍ ഷോട്ടുകള്‍ കയ്യിലുണ്ട്. പീഡന പരാതി നല്‍കുമെന്ന ഭീഷണിയാണ് സ്ക്രീന്‍ഷോട്ടിലത്രയും', രക്ഷിതാവ് വ്യക്തമാക്കി.