ബംഗ്ലദേശിലെ കലാപത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഭാവി പരിപാടികള്‍ തീരുമാനിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ബംഗ്ലദേശ് സൈന്യവുമായും രാജ്യം ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കലാപം രൂക്ഷമായ ബംഗ്ലദേശില്‍ മരണം 300 കടന്നു. രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ പാര്‍ലമെന്‍റും ഷെയ്ഖ് ഹസീനയുടെ വസതിയും പ്രതിഷേധക്കാര്‍ കയ്യേറി. ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത് അഞ്ഞൂറിലേറെ തടവുകാരെ മോചിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.
ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ബംഗ്ലദേശില്‍ പുരോഗമിക്കുകയാണ്. തടവില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് ഖാലിദ സിയയെ മോചിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണമെന്ന വിധിയെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സുപ്രീംകോടതി 5 ശതമാനം മാത്രമാക്കി ചുരുക്കി.