ഡല്‍ഹി റാവൂസ് കോച്ചിങ് സെന്‍ററില്‍ വെള്ളംകയറിയുണ്ടായ അപകടത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായി സംശയം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍. ഒരു വിദ്യാര്‍ഥിനിയുടെ മൃതദേഹം രഹസ്യമായി ബന്ധുക്കള്‍ക്ക് കൈമാറി. കാണാതായ മറ്റൊരു വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളിലൊരാള്‍ മനോരമന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് പുറത്തുവിടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തത്തില്‍ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി 8.45 ന് തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ അയയ്ക്കും. റാവൂസ് കോച്ചിങ് സെന്‍റര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പാര്‍ക്കിങ്ങിനാണ് ബേസ്മെന്‍റില്‍ അനുമതി നല്‍കിയത്. അഗ്നിരക്ഷാസേന അനുമതി നല്‍കിയത് സ്റ്റോര്‍ റൂം മാത്രം പ്രവര്‍ത്തിക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സത്യം കണ്ടെത്തുന്നതിന് സഹകരിക്കുമെന്ന് റാവൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയിറക്കി.
കേസിൽ അറസ്റ്റിലായ റാവുസ് കോച്ചിംഗ് സെൻറർ ഉടമയെയും കോഡിനേറ്ററെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നിയമങ്ങൾ ലംഘിച്ച് ബേസ്മെന്റിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ കണ്ടെത്തി എംസിഡി സീൽ ചെയ്യുന്നുണ്ട്. വിദ്യാർത്ഥി പ്രതിഷേധവും തുടരുകയാണ്. വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ എ.എ.പി എംഎൽഎ ദുർഗേഷ് പഥക്കിനോട് അടുത്തമാസം രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടു.