കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയെക്കുറിച്ച് വിവരമില്ല. നാലുദിവസമായി കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗമാണ്. അര്‍ജുന്‍റെ വാഹനത്തിന്‍റെ എന്‍ജിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നുവെന്ന് കണ്ടെത്തി. കാസര്‍കോട് ആര്‍ടിഒയും വാഹനം മണ്ണിനടിയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, അര്‍ജുന്‍റെ ഫോണ്‍ ഇന്നലെ മുതല്‍ രണ്ടു തവണ ഓണ്‍ ആയെന്ന് ലോറി ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതിപ്പെട്ടിട്ടും അര്‍ജുനെ തിരയാന്‍ അഗോള പൊലീസില്‍നിന്ന് സഹായം ലഭിച്ചിട്ടില്ല. ലോറിയുള്ള സ്ഥലം ജിപിഎസില്‍ വ്യക്തമാണ്. ആ സ്ഥലം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ലോറിക്കുള്ളില്‍ മണ്ണ് കയറിയിട്ടില്ലെങ്കില്‍ അര്‍ജുന്‍ ജീവനോടെയുണ്ടാകുമെന്നും ലോറി ഉടമ.
അതേസമയം, അര്‍ജുന്‍ അടക്കം 15 പേരാണ് അഗോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത്. മണ്ണിനടിയില്‍ ബെന്‍സും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് സ്ഥിരീകരിച്ചെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ബെന്‍സ് കാറില്‍ ഉണ്ടായിരുന്നത് കുടുംബമെന്നും സ്ഥിരീകരണം.