30 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. ഭ്രൂണത്തിന് ന്യൂറോ ഡെവലപ്പ്മെന്‍റ് ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് 31കാരിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. അസ്വഭാവികതകളുള്ള കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നില്ലെന്ന് നിയമം ഉറപ്പാക്കുന്നുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ച് നിരീക്ഷിച്ചു.
എയിംസില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം 'ജൗബര്‍ട്ട് സിന്‍ഡ്രോം' കാരണം ജനിക്കുന്ന കുട്ടിക്ക് ഗുരുതരമായ നാഡി സംബന്ധമായ വൈക്യങ്ങളും ആരോഗ്യവെല്ലുവിളികളും നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. യുവതിയുടെ ആദ്യകുഞ്ഞിനും നാഡിസംബന്ധമായ വൈകല്യങ്ങളുണ്ട്. ഗര്‍ഭഛിദ്രം അനുവദിച്ചില്ലെങ്കില്‍ യുവതിയും കുടുംബവും നിരന്തര കരുതലും നൂതന ചികില്‍സയും ആവശ്യമായ നാഡിസംബന്ധമായ വൈകല്യങ്ങളുള്ള കുട്ടികളെ ജീവിതകാലം മുഴുവന്‍ പരിപാലിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
പരിമിതമായ വരുമാനം മാത്രമുള്ള വീട്ടില്‍ ഗുരുതരമായ വൈകല്യമുള്ള രണ്ട് കുട്ടികളെ വളര്‍ത്തുന്ന ഭാരം ഹര്‍ജിക്കാരിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഹാജരാക്കിയ തെളിവുകളും ശുപാര്‍ശകളും ഹര്‍ജിക്കാരിയുടെ ആരോഗ്യത്തിനും ജീവിതനിലവാരത്തിനും അനുയോജ്യമാണ്. ഹര്‍ജിക്കാരിക്ക് ഇഷ്ടമുള്ള മെഡിക്കല്‍ സ്ഥാപനത്തില്‍ ഗര്‍ഭഛിദ്രം നടത്താമെന്നും കോടതി പറഞ്ഞു.