കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം കൊച്ചിയിലേക്ക്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനമാണ് ഇതിന് വേണ്ടി സജ്ജീകരിച്ചത്. വിമാനത്തിന്‍റെ ചിത്രങ്ങളടക്കം കുവൈത്തിലെ ഇന്ത്യന്‍ എംബസി എക്സില്‍ പങ്കുവെച്ചിരുന്നു. കേന്ദ്ര മന്ത്രി കീര്‍ത്തി വിര്‍ധന്‍ സിങ് കുവൈത്ത് അധികൃതരുമായി സഹകരിച്ചാണ് മൃതദേഹങ്ങള്‍ വഹിച്ച വിമാനം കേരളത്തിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇന്ന് 11 മണിയോടെ വിമാനം കൊച്ചിയിലെത്തിയേക്കും. കുവൈത്തിലെ മാംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തില്‍ ആകെ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തദ്ദേശിയരാല്ലാത്ത തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. കൊല്ലപ്പെട്ടവരില്‍ 45 പേരും ഇന്ത്യക്കാരാണ്. അതില്‍തന്നെ 23 പേര്‍ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്ന് 7 പേരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും എന്‍ബിടിസിയില്‍ ജോലി ചെയ്യുന്നവരാണ്. കുവൈത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണിത്. തീപിടിച്ച കെട്ടിടവും എന്‍ബിടിസിയുടേതാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 196 പേര്‍ ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. അതില്‍ 176 പേരും ഇന്ത്യക്കാരാണ്. 33 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു തീപിടുത്തം. മരണങ്ങളില്‍ പലതും പുക ശ്വസിച്ചാണെന്നാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരിച്ചവരില്‍ ചിലര്‍ അടുത്തകാലത്ത് കുവൈത്തിലേക്ക് ജോലി തേടിയെത്തിയവരാണ്. കുവൈത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടത്തമാണിത്. വിദേശ തൊഴിലാളികളെ സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്ന സ്ഥലമുടമകള്‍ക്കും കമ്പനി ഉടമകള്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം പല സ്ഥലങ്ങളില്‍ നിന്നും ശക്തമാണ്. അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു