മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കി ബെംഗളൂരു കോടതി. ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ, കരാറുകാരിൽ നിന്ന് 40% കമ്മീഷൻ വാങ്ങിയതായി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തു നടത്തിയ പ്രചാരണത്തിനെതിരെ നൽകിയ കേസിലാണ് നടപടി. രാഹുലിന്‍റെ വാക്കുകള്‍ ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും അപകീര്‍ത്തികരമായിരുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
കര്‍ണാടക പി.സി.സി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെയായിരുന്നു ബി.ജെ.പി കര്‍ണാടക വിഭാഗത്തിന്‍റെ പരാതി. കേസില്‍ ജൂണ്‍ ഒന്നിന് തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ രാഹുലിനോട് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
കോടതി നിര്‍ദേശമനുസരിച്ച് രാവിലെ പത്തരയോടെ രാഹുല്‍ കോടതിയില്‍ എത്തിയിരുന്നു. ജാമ്യം ലഭിച്ച രാഹുല്‍ കര്‍ണാടകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പങ്കെടുക്കുമെന്നും കര്‍ണാടക പി.സി.സി അറിയിച്ചു.