ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പനവേലിൽവച്ച് സൽമാനെ വധിക്കാനുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ മറ്റൊരു ശ്രമം കൂടി തകർത്തതായി പൊലീസ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാകിസ്ഥാൻ ആയുധ വിതരണക്കാരനിൽ നിന്ന് ആയുധങ്ങളുമായി മഹാരാഷ്ട്രയിലെ പൻവേലിൽ വെച്ച് ഖാൻ്റെ കാർ ആക്രമിക്കാനായിരുന്നു ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ ഗൂഢാലോചന. പനവേലിലെ ഫാം ഹൗസിലേക്ക് സൽമാൻ പോകുംവഴി വധിക്കുകയായിരുന്നു പദ്ധതി. ഇതിനായി പാക്കിസ്ഥാനിൽനിന്ന് എകെ–47, എം–16 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. 60 മുതൽ 70 വരെയുള്ളവരുടെ സംഘത്തെയാണ് കൃത്യത്തിനായി ചുമതലപ്പെടുത്തിയത്. അതില്‍ ഓരോരുത്തര്‍ക്കും ഗൂഢാലോചനയില്‍ പ്രത്യേകം ചുമതലകള്‍ നല്‍കി. വെടിയുതിര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിയോഗിക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ അജയ് കശ്യപ് എന്ന ധനഞ്ജയ് തപസിങ്, ഗൗരവ് ഭാട്ടിയ എന്ന നഹ്‌വി, വാപ്‌സി ഖാൻ എന്ന വസീം ചിക്‌ന, റിസ്വാൻ ഖാൻ എന്നിവർ ഗൂഢാലോചനയിൽ സുപ്രധാന പങ്കുവഹിച്ചതായി കരുതപ്പെടുന്നു.
കൊല നടത്തിയശേഷം കന്യാകുമാരിയിലേക്കും അവിടെനിന്ന് കടൽമാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടണമെന്നായിരുന്നു വാടകക്കൊലയാളികൾക്ക് നൽകിയിരുന്ന നിർദേശമെന്നും പൊലീസ് വ്യക്തമാക്കി.നേരത്തെയും ബാന്ദ്രയിലെ സൽമാന്‍റെ വീട്ടിന് മുന്നിൽ ബിഷ്ണോയ് സംഘം ആക്രമണം നടത്തിയിരുന്നു.