അബുദാബി എയർപോർട്ടിൽ ജോലി വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ആലപ്പുഴ ചിങ്ങോലി സ്വദേശി ഇടനിലക്കാരനായി നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. ഒരാളിൽ നിന്ന് 55,000 രൂപ വീതം 42 പേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു. ഗൂഗിൾ പേ വഴി പല അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയത്.വഞ്ചിക്കപ്പെട്ടവർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പത്ത് മാസം മുൻപാണ് വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം 42 പേരിൽ നിന്ന് പണം വാങ്ങിയത്.അബുദാബി എയർ പോർട്ടിലെ പി.ആർ.ഒ സുഹൃത്താണെന്നും അയാൾ വഴി ജോലി ശരിയാക്കിതരാം എന്ന് വിശ്വസിപ്പിച്ച് ഓരോ ആളിൽ നിന്നും 55000 രൂപ വീതം വാങ്ങിയെടുത്തു.പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും ജോലി വൈകാതെ ലഭിക്കും എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്.
തട്ടിപ്പിനിരയായവർ ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകി. തട്ടിപ്പ് നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ കരിയിലക്കുളങ്ങര പൊലീസിന് പരാതി കൈമാറി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
Extorted money by offering job at Abu Dhabi Airport