ആലപ്പുഴയിൽ കെ.എസ്.എഫ്.ഇയില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം . പുന്നപ്ര സ്വദേശിനി കാളുതറ വീട്ടില്‍ മായക്കാണ് വെട്ടേറ്റത്. മായയെ വെട്ടിപ്പരുക്കേൽപ്പിച്ച സഹോദരി ഭർത്താവ് സുരേഷ് ബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആലപ്പുഴ കളര്‍കോട് കെ.എസ്.എഫ്.ഇ ശാഖയില്‍ പണം അടക്കാനെത്തിയതായിരുന്നു മായ. ജീവനക്കാരുയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് എത്തിയ സുരേഷ് ബാബു മായയെ പിന്നില്‍നിന്നും വെട്ടി.
ഇതിനിടെ ഇയാളുടെ കൈയ്യില്‍ നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.എഫ്.ഇ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ കീഴ്പെടുത്തി.കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മായയുടെ സഹോദരി ഭർത്താവാണ് കളരിക്കൽ സ്വദേശിയായ സുരേഷ് ബാബു. സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. ഒരു വര്‍ഷമായി അശ്വതി കുട്ടികളുമൊത്ത് കളര്‍കോടുള്ള സ്വന്തം വീട്ടിലാണ് താമസം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ സ്കൂളിൽ നിന്ന് കൂട്ടികൊണ്ടുപോകുവാനും സുരേഷ് ബാബു ശ്രമിച്ചിരുന്നു. ഇന്നു രാവിലെ സ്കൂളില്‍ ചെന്നിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരം അറിയാവുന്നതിനാല്‍ സ്കൂൾ അധികൃതര്‍ കുട്ടിയെ വിട്ടില്ല.
മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് സ്കൂളിൽ നിന്ന് ഇയാള്‍ കളര്‍കോടുള്ള കെഎസ്എഫ്ഇ ശാഖയിലെത്തുന്നത്. ഭാര്യ അശ്വതി നൽകിയ പരാതിയിൽ രണ്ടു മാസം മുൻപ് പൊലിസ് അറസ്റ്റ് ചെയ്ത ഇയാൾ രണ്ടു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. അശ്വതിക്ക് സഹായം നൽകുന്നത് സഹോദരി മായ ആണെന്ന് പറഞ്ഞാണ് ഇയാൾ ആക്രമണം നടത്തിയത്. അറസ്റ്റിലായ സുരേഷ് ബാബു ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.
Lady stabbed in alappuzha