തമിഴ്നാട് നിയമസഭയിൽ നയ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ.എൻ രവി. സമ്മേളനം തുടങ്ങിയപ്പോൾ ദേശീയഗാനം ആലപിക്കാത്തതിനാലും, പ്രസംഗത്തിലെ ഭാഗങ്ങളോട് എതിർപ്പുള്ളതിനാലും നയപ്രഖ്യാപനം വായിക്കുന്നില്ലെന്ന് ഗവർണർ നിയമസഭയെ അറിയിച്ചു. പിന്നാലെ പ്രസംഗത്തിന്റെ തമിഴ് പരിഭാഷ നിയമസഭയിൽ വായിച്ച സ്പീക്കർ സവർക്കറുടെ വഴിയിൽ വന്നവർക്ക് കീഴ്പ്പെടുന്നവരല്ല തങ്ങളെന്ന് മറുപടിയും നൽകി.
തമിഴ്നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രാവിലെ 10 മണിക്കാണ് ആരംഭിച്ചത്. തമിഴിൽ മുഖ്യമന്ത്രിയെയും സ്പീക്കറെയും അഭിസംബോധന ചെയ്ത ഗവർണർ, രണ്ടാം മിനിറ്റിൽ സമ്മേളനം തുടങ്ങിയപ്പോൾ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് നയപ്രഖ്യാപനം അവസാനിപ്പിച്ചു. പിന്നാലെ നയ പ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സ്പീക്കർ എം.അപ്പാവു നിയമസഭയിൽ വായിച്ചു. സവർക്കരുടെയും, ഗേഡ്സെയുടെയും വഴിയിൽ വന്നവർക്ക് കീഴ്പ്പെടുന്നവർ അല്ല തങ്ങളെന്ന് സ്പീക്കറുടെ മറുപടി.
തമിഴ്നാട് നിയമസഭയിൽ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും, സമ്മേളനം അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതുമാണ് കീഴ്‌വഴക്കം എന്നും സ്പീക്കർ അറിയിച്ചു. തുടർന്ന് ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് നയ പ്രഖ്യാപനം അവസാനിപ്പിച്ച ഗവർണർ, മുൻ വർഷത്തിലേതുപോലെ ദേശീയഗാനം ആലപിക്കുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിപ്പോയി. നയ പ്രഖ്യാപനം അംഗീകരിച്ച സ്പീക്കർ ഗവർണറുടെ പരാമർശം രേഖകളിൽ ഉണ്ടാകില്ലെന്നും അറിയിച്ചു.
Tamil Nadu Governor R N Ravi refrains from reading customary address