കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും കേന്ദ്രം പരിധികളില്ലാതെ കടമെടുക്കുന്നുവെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന് മാത്രമായി കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണം. ധനപ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഭരണഘടന പ്രകാരം ധനകാര്യ കമ്മിഷന്‍റെ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് പൊതുമാനദണ്ഡം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വായ്പാപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തെറ്റാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നതെന്നും ടി.എന്‍ പ്രതാപനടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്താത്തതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും ആരോപിച്ചിരുന്നു. നികുതിയിനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ വലിയ തുക തടഞ്ഞുവച്ചിട്ടുണ്ടെന്നും മറ്റു സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയെന്നും മന്ത്രി മനോരമന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
Kerala govt moves to Supreme Court against slashing of its borrowing limit by Centre