doubtfire-23

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ട് തീപിടിത്തമായതോടെ അട്ടിമറി സംശയം ബലപ്പെടുന്നു. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടുത്തം ആവര്‍ത്തിക്കുന്നത്.  തീപിടുത്തങ്ങളില്‍ പ്രഖ്യാപനത്തിന് അപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് കാല അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

 

കൊല്ലം ഉളിയക്കോവില്‍ ഗോഡൗണിലെ തീപിടുത്തം കഴിഞ്ഞിട്ട് ഇന്നലെ ആറാം രാത്രിയായിരുന്നു. അപ്പോഴാണ്  തിരുവനന്തപുരം തുമ്പയിലെ ഗോഡൗണും കത്തിച്ചാമ്പലാകുന്നത്. സമാന സാഹചര്യത്തില്‍ തീപിടുത്തം ആവര്‍ത്തിക്കുമ്പോള്‍ ദുരൂഹതകളേറുകയാണ്. എന്തുകൊണ്ട് തീപിടുത്തം എന്നതിന് ഉത്തരമില്ലായെന്ന് മാത്രമല്ല അതുകണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ലായെന്നതാണ് ദുരൂഹതയുടെ ഒന്നാം കാരണം, എന്തെല്ലാം കത്തിനശിച്ചൂവെന്നതാണ് രണ്ടാമത്തെ ദുരൂഹത. തിരുവനന്തപുരത്ത് തീപിടിച്ചത് മരുന്ന് സൂക്ഷിക്കുന്ന ഇടമല്ല, രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷെ കത്തിയവയില്‍ 2014ല്‍ കാലാവധി തീര്‍ന്ന മരുന്നുകളുമുണ്ട്. അതോടെ രാസവസ്തുക്കളുടെ കൂട്ടത്തില്‍ മരുന്ന് എങ്ങിനെ വന്നൂവെന്ന ചോദ്യവും ഉയരുന്നു. കോവിഡ് കാലത്ത്  മരുന്നുകളടക്കം വിവിധ വസ്തുക്കള്‍ വാങ്ങിയവയില്‍ ക്രമക്കേടെന്ന പരാതി ലോകായുക്ത പരിഗണിച്ച് വരികയാണ്. ആ കേസിലെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിത തീപിടുത്തമെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം.

 

പ്രതിപക്ഷ ആരോപണങ്ങളുടെ മുനനീളുന്നത് ആരോഗ്യവകുപ്പിലേക്കും സി.പി.എമ്മിലേക്കുമാണ്. എങ്കിലും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെടുന്നു. ദുരൂഹതകളേറുമ്പോഴും അന്വേഷണത്തിന് മുന്‍പേ അട്ടിമറി സാധ്യത തള്ളി വെള്ളപൂശാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും സര്‍ക്കാരും ശ്രമിക്കുന്നത്. അതുകൊണ്ട് കോടികള്‍ കത്തിച്ചാമ്പലാകുമ്പോഴും സാധാരണ തീപിടുത്തം പോലെ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയുമെല്ലാം പതിവ് അന്വേഷണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

 

Fire in KMSCL warehouses amidst corruption probe