ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേതാണ്? ഏഞ്ചല്‍, നയാഗ്ര, വിക്ടോറിയ എന്നെല്ലാം കണ്ണടച്ച് ഉത്തരം പറയുന്ന കാലം കഴിഞ്ഞു. മാത്രമല്ല ഈ ചോദ്യത്തിനുത്തരമാകട്ടെ കരയിലല്ല താനും. ഗ്രീൻലാൻഡിനെയും ഐസ്‌ലൻഡിനെയും വേര്‍തിരിക്കുന്ന ഡെന്‍മാര്‍ക്ക് കടലിടുക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ‘ഡെൻമാർക്ക് സ്ട്രെയിറ്റ് കറ്ററാക്ട്’ എന്നാണ് ഇത് അറിയപ്പെടുന്നത്. വെള്ളച്ചാട്ടങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ വെല്ലുവിളിക്കുകയും ആഗോള സമുദ്രജല ചംക്രമണത്തെ സ്വാധീനിക്കുകയും ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ‘ഡെൻമാർക്ക് സ്ട്രെയിറ്റ് കറ്ററാക്ട്’.
കരയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടത്തിന്‍റെ മൂന്നിരട്ടി ഉയരമാണ് ഡെൻമാർക്ക് സ്ട്രെയിറ്റ് കറ്ററാക്ടിനുള്ളത്. അതായത് 11,500 അടി മുകളില്‍ നിന്നാണ് ജലം താഴേക്ക് പതിക്കുന്നത്. 300 മൈൽ (480 കിലോമീറ്റർ) വീതിയും ഇതിനുണ്ട്. നോര്‍ഡിക് സമുദ്രത്തില്‍ നിന്നുള്ള തണുത്തതും കനം കൂടിയതുമായ ജലം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്നുള്ള ചൂടുകൂടിയ, അതേസമയം കനം കുറഞ്ഞതുമായ ജലത്തോട് ചേരുമ്പോഴാണ് വെള്ളച്ചാട്ടം രൂപീകരിക്കപ്പെട്ടത്. താപനിലയിലും ലവണാംശത്തിലുമുള്ള വ്യത്യാസം തണുത്ത വെള്ളം സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ ഒഴുകാൻ ഇടയാക്കുന്നു, ഇത് വലിയ അളവിലുള്ള ജലത്തെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന വലിയ ജല പ്രവാഹം സൃഷ്ടിക്കുന്നു. ഏകദേശം 17,500 മുതല്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവസാന ഹിമയുഗത്തിലാണ് ഇത് രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കൂറ്റൻ ഹിമാനികള്‍ ഇതിനായുള്ള ഭൂപ്രകൃതി സൃഷ്ടിക്കുകയും ചെയ്തു.
സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്ന ഈ വെള്ളച്ചാട്ടം സമുദ്രജല ചംക്രമണത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വലിയ തോതിലുള്ള സമുദ്രജല ചംക്രമണത്തിന്‍റെ ഭാഗമായ തെർമോഹലൈൻ ജലചംക്രമണത്തെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നു. സമുദ്രത്തിന്‍റെ കൺവെയർ ബെൽറ്റ് എന്നാണ് തെർമോഹലൈൻ അറിയപ്പെടുന്നത്. ജല പ്രവാഹങ്ങളുടെ ഈ ആഗോള ശൃംഖല താപം, പോഷകങ്ങൾ, ഊർജം എന്നിവ ദൂരങ്ങളിലേക്ക് വിതരണം ചെയ്യുന്നു കൂടാതെ കാലാവസ്ഥ, സമുദ്രനിരപ്പ്, സമുദ്ര ആവാസവ്യവസ്ഥ എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ‘ഡെൻമാർക്ക് സ്ട്രെയിറ്റ് കറ്ററാക്ടി’ന്‍റെ ജലം സഹായിക്കുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി വ്യവസ്ഥകളെയും കാലാവസ്ഥാ സ്ഥിരതയെയും നേരിട്ട് സ്വാധീനിക്കുകയും ചെയ്യുന്നു.
കാലമത്രയും കടലിനടിയില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ വെള്ളച്ചാട്ടം എന്നത് അമ്പരപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ എന്തുകൊണ്ട് ഇത് തിരിച്ചറിയാന്‍ സമയമെടുത്തു? ഡെന്‍മാര്‍ക്ക് കടലിടുക്കില്‍ വെള്ളത്തിനടിയിലുള്ള ഒരാള്‍ക്ക് പോലും ഈ പ്രതിഭാസം ശ്രദ്ധിക്കാനോ തിരിച്ചറിയാനോ കഴിയില്ലെന്നാണ് മറൈൻ ജിയോസിസ്റ്റം വിദഗ്ദനായ മൈക്ക് ക്ലെയർ വിശദീകരിക്കുന്നത്. കാരണം വെള്ളം അത്രത്തോളം നിശബ്ദമായും കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാതെയുമാണ് നീങ്ങുന്നത്. ഇത് പഠനം ബുദ്ധിമുട്ടാക്കുന്നു. കൂടുതല്‍ വിപുലമായ ശാസ്ത്രീയ ഉപകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.