കനത്ത മഴയെ തടഞ്ഞ് നിര്‍ത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കൃത്രിമമായി മഴ പെയ്യിക്കുന്നത് പോലെ തന്നെ കനത്ത മഴയെ തടഞ്ഞു നിര്‍ത്താനുള്ള സാങ്കേതിക വിദ്യയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മിഷന്‍ മൗസം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
കാന്തിക മണ്ഡലങ്ങള്‍ ഉപയോഗിച്ച് മേഘങ്ങളെ വിഘടിപ്പിച്ച് കനത്ത മഴ തടയുക, മേഘങ്ങള്‍ക്കുള്ളിലെ ചൂട് കൂട്ടി മഴത്തുള്ളികള്‍ ഉണ്ടാകുന്നത് തടയുക എന്നിവയാണ് പരീക്ഷിക്കാന്‍ ലക്ഷ്യമിടുന്നത്. ക്ലൗഡ് സീഡിങ് പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കാലാവസ്ഥാ മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിന് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 2000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഈ പദ്ധതി ഫലം കാണുകയാണ് എങ്കില്‍ തുടര്‍ച്ചയായി കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മഴ തടയാനാവും. ഇതിലൂടെ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ എന്നിവ ഉണ്ടാകുന്ന സാഹചര്യവും ഒഴിവാക്കാനാവും എന്നാണ പ്രതീക്ഷിക്കുന്നത്. മേഘങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനായി പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയില്‍ ക്ലൗഡ് ചേംബര്‍ സ്ഥാപിക്കും. ലബോറട്ടറിക്കുള്ളില്‍ കൃത്രിമമായി മേഘങ്ങള്‍ സൃഷ്ടിച്ചായിരിക്കും പരീക്ഷണങ്ങള്‍.