രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കാന്‍ ലോക്സഭയിലേക്ക് പോകേണ്ടത് യു.ഡി.എഫ് എംപിമാരാണെന്ന് കേരളത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും വിധിച്ചു. 18 സീറ്റുകളോടെ കേരളത്തില്‍ യു.ഡി.എഫിന് മിന്നുന്ന വിജയം. തൃശൂരിലെ വിജയത്തിലൂടെ സുരേഷ് ഗോപി ബിജെപിയുടെ അക്കൗണ്ട് തുറന്നു. വന്‍ തിരിച്ചടി നേരിട്ട എല്‍.ഡി.എഫ് ആലത്തൂരില്‍ മാത്രമാണ് വിജയിച്ചത്.
വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, വടകര, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ചാലക്കൂടി, പാലക്കാട്, എന്നിവടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം അന്‍പതിനായിരം വോട്ടിന് മുകളില്‍ എത്തി. എല്‍.ഡി.എഫ് കോട്ടകളും യു.ഡി.എഫ് മുന്നേറ്റത്തില്‍ വീണു. വടകരപ്പോരില്‍ ഷാഫി പറമ്പില്‍ വില്ലാളി വീരനായി. ആള്‍ക്കൂട്ടം വോട്ടായപ്പോള്‍ ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.
കെ.സുധാകരനും എം.കെ.രാഘവനും ഹൈബി ഈഡനും രാജ്മോഹന്‍ ഉണ്ണിത്താനും മുന്‍ ഭൂരിപക്ഷവും മറികടന്നു. തിരുവനന്തപുരത്തെ പൊരിഞ്ഞപോരില്‍ രാജീവ് ചന്ദ്രശേഖര്‍ വിറപ്പിച്ചെങ്കിലും ശശി തരൂര്‍ വിയര്‍പ്പൊഴുക്കി ജയിച്ചു. മവേലിക്കരയില്‍ നിന്നും എട്ടാം വട്ടവും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ സീറ്റുറപ്പിച്ചു. ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലാണ് അടൂര്‍ പ്രകാശിന്‍റെ ജയം.
യു.ഡി.എഫിന്‍റെ മുന്നേറ്റവും എല്‍.ഡി.എഫിന്‍റെ തകര്‍ച്ചയും കണ്ട തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാറായത് തൃശൂരെടുത്ത സുരേഷ് ഗോപി. തൃശൂരില്‍ കെ.മുരളീധരന്‍ മൂന്നാമതായി. 2019ല്‍ എ. എം.ആരിഫ് സി.പി.എമ്മിന് കനലൊരു തരിയായെങ്കിലും ഇത്തവണ മാനം കാത്തത് കെ.രാധാകൃഷ്ണന്‍. രമ്യ തോറ്റതോടെ കേരളത്തിന് ഇത്തവണ വനിതാ എം.പിയില്ലാതായി.