അര്‍ബുദത്തെ നടുക്കടലില്‍ താഴ്ത്തി ജീവിതത്തിലേക്ക് നീന്തിക്കയറിയ ഒരു മല്‍സ്യത്തൊഴിലാളിയുണ്ട് കോഴിക്കോട്. പുതിയാപ്പ സ്വദേശി ശിവന്‍. എട്ടു വര്‍ഷം മുന്‍പെത്തിയ കാന്‍സര്‍ തിരിച്ചറിഞ്ഞത് മൂന്നാംഘട്ടത്തിലായിട്ടും ശിവന്‍ ആത്മധൈര്യം കൈവിട്ടില്ല.
നങ്കൂരമിട്ട് ആഴക്കടലിലേക്കുള്ള യാത്രകള്‍ ശിവന് ഒരു കാലത്ത് വേദനകളുടേതായിരുന്നു. നെഞ്ചെരിപ്പായെത്തി പതിയെ വേദനയായി മാറിയ കാന്‍സര്‍ വന്‍കുടലിലെ കോശങ്ങള്‍ പതിയെ കാര്‍ന്നു തിന്നു. എന്നാല്‍ തളരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ആഴ്ചകളോളം കടലില്‍ മീന്‍പിടിക്കാന്‍ പോയിരുന്ന ശിവന്‍റെ ജീവിതം പതിയെ ആശുപത്രി കിടക്കയിലേക്ക് മാറി.
മറ്റുള്ളവര്‍ വലനിറയെ മീന്‍ തേടി തിരമാലകളെ മുറിച്ചുപോയപ്പോള്‍, പ്രതിസന്ധിയുടെ നടുക്കടലില്‍ നിന്ന് തിരികെ നീന്താന്‍ പ്രയാസപ്പെടുകയായിരുന്നു ശിവന്‍. എട്ട് സ്ട്രോങ് കീമോകള്‍. അതില്‍ ആറിലും പിടിച്ചു നിന്നെങ്കിലും ഏഴാമത്തേതില്‍ പതറി.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയായിരുന്നു ശിവന്‍. പ്രതിസന്ധിയില്‍ കൈതാങ്ങായി നിന്നത് സുഹൃത്തായിരുന്നു. മൂന്നുവര്‍ഷം കൊണ്ട് ശിവന് മുന്നില്‍ കാന്‍സര്‍ തോറ്റു. വീണ്ടും കടലില്‍ പോയിത്തുടങ്ങി. ശിവന് പറയാനുള്ളത് ഒന്നുമാത്രം. ജീവിതത്തില്‍ എത്ര കാറും കോളും വന്നാലും പതറാതെ, ആത്മധൈര്യത്തോടെ തുഴയുക.