അതിജീവനത്തിന്‍റെ  വേദിയില്‍ ക്യാന്‍സറിനെ അതിജീവിച്ച നാടകനടനെ പരിചയപ്പെടുത്തി നടന്‍ ജയസൂര്യ. കോട്ടയം പള്ളിക്കത്തോട് നടന്ന കേരള കാന്‍ ക്യാംപ് ഉദ്ഘാടന സമ്മേളനത്തിന്റെ അവസാനമായിരുന്നു സിനിമകളിലും നാടകത്തിലും കാണുന്നതുപോലെയുള്ള  അപ്രതീക്ഷിത ട്വിസ്റ്റ്.   

രണ്ടുമണിക്കൂര്‍ നീണ്ട പരിപാടി മുഴുവന്‍ വേദിയിലും സദസ്സിലുമായിരുന്ന് ശ്രദ്ധയോടെ വീക്ഷിച്ചശേഷം സംഘാടകരെ അഭിനന്ദിക്കാന്‍ വീണ്ടും വേദിയിലെത്തിയതായിരുന്നു ജയസൂര്യ. സംഘാടകരിലൊരാളായ ജയശ്രീ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ക്ലബ്ബിന്‍റെ രക്ഷാധികാരി കൂടിയായ പഴയകാല നാടകനടന്‍ മാത്യു ജോണിനെക്കുറിച്ചറിയുന്നത്. നാടക അരങ്ങുകളിലെ ആ പഴയകാലാകാരനെ ജയസൂര്യ ചേര്‍ത്തുപിടിച്ചു. ക്യാന്‍സറിനെ അതിജീവിച്ച ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ടെന്നറിഞ്ഞപ്പോള്‍ കേള്‍ക്കണമെന്നായി.

ആദ്യമൊന്ന് പകച്ചെങ്കിലും 15 വര്‍ഷം മുന്‍പ് നടന്ന ആ കഥ മാത്യു ജോണ്‍ ഒര്‍മയില്‍ നിന്ന് വിവരിച്ചു. തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായത് ഭാഗ്യമായെന്ന സന്ദേശവും നല്‍കി.

 

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായിരുന്ന മാത്യു ജോണ്‍ 28 വര്‍ഷത്തെ സേവനത്തിനുശേഷം 1997ലാണ് വിരമിച്ചത്. തമസ്സെന്ന നാടകത്തില്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടു. അഞ്ചുപതിറ്റാണ്ടായി പള്ളിക്കത്തോട് ജയശ്രീ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബിന്‍റെ സ‍ജീവപ്രവര്‍ത്തകനാണ്.