നടന്നാല്‍ കൊള്ളാം: അയയില്ല ജീവിതഭാരം; ബജറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

farmer-rupee-petrol
SHARE

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായാലും അല്ലെങ്കിലും ആശ്വാസ പ്രഖ്യാപനങ്ങള്‍ ഒരുപാട്. അപ്പോഴും ജനങ്ങളുടെ ജീവിതഭാരം കുറയുന്ന പ്രായോഗിക നടപടികള്‍ ഇന്ധനവിലയുടെ കാര്യത്തിലടക്കം ഉണ്ടായില്ല. ബജറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ

ആദായനികുതി നിരക്കില്‍ മാറ്റമില്ലാതെ കേന്ദ്രബജറ്റ്. ആദായനികുതി ഇളവിനുള്ള പരിധിയില്‍ ധനമന്ത്രി മാറ്റമൊന്നും വരുത്തിയില്ല. പകരം നാല്‍പതിനായിരം രൂപയുടെ അടിസ്ഥാന ഇളവ് അഥവാ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

രണ്ടരലക്ഷം രൂപയെന്ന അടിസ്ഥാന നികുതിയിളവ് പരിധി അതേപടി നിലനിർത്തിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. പക്ഷെ മൂന്നു വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തിരിച്ചുകൊണ്ടുവന്നു. പ്രത്യേക തെളിവുകളോ ബില്ലുകളോ ഹാജരാക്കാതെ ശമ്പളവരുമാനക്കാരായ നികുതിദായകര്‍ക്ക് നാല്‍പതിനായിരം രൂപയുടെ കൂടി നികുതിയിളവ് ലഭിക്കുമെന്നര്‍ഥം. എന്നാല്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന പത്തൊന്‍പതിനായിരത്തി ഇരുനൂറ് രൂപയുടെ യാത്രാബത്ത ഇളവും, പതിനയ്യായിരം രൂപയുടെ  മെഡിക്കല്‍ റീം ഇംബേഴ്സമെന്‍റ് ഇളവും ഇനിയുണ്ടാകില്ല.  

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശയ്ക്ക് ഇളവ് ലഭിക്കുന്ന പരിധി പതിനായിരം രൂപയില്‍ നിന്ന് അന്‍പതിനായിരമാക്കി ഉയര്‍ത്തി. ആരോഗ്യഇന്‍ഷുറന്‍സ് പ്രീമിയം, ചികില്‍സാച്ചെലവ് എന്നിവയില്‍ ഇളവിനുള്ള പരിധിയും അമ്പതിനായിരമാക്കി ഉയര്‍ത്തി. മാരകരോഗങ്ങളുടെ ചികില്‍സയ്ക്കുള്ള ഇളവ് പരമാവധി ഒരുലക്ഷമാക്കി. അതേസമയം, ഒരുലക്ഷത്തിന് മുകളിലുള്ള ദീര്‍ഘകാല ഓഹരിവരുമാനത്തിൽ പത്തുശതമാനം നികുതികൊണ്ടുവരുമെന്ന പ്രഖ്യാപനം ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. 250 കോടി രൂപവരെ വിറ്റുവരവുള്ള വ്യവസായങ്ങളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചു. നേരത്തെ 50 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ഈ ഇളവ്. ഇത് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ധമന്ത്രി പറഞ്ഞു. 

health-doctor-

ആരോഗ്യ സുരക്ഷാ പദ്ധതി, പത്തുകോടി കുടുംബങ്ങൾക്ക് ആശ്വാസം

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. പത്തുകോടി കുടുംബങ്ങൾക്ക് വർഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാക്കുന്നതാണ് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി. 50 കോടി പേർക്ക് ഗുണമാകും.  

ആരോഗ്യമുള്ള ഭാരതം, സമൃദ്ധ ഭാരതം. ഈ മുദ്രാവാക്യമുയർത്തി ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അഞ്ചാം ബജറ്റിൽ ആരോഗ്യ മേഖല തിളങ്ങി. ആയുഷ്മാൻ ഭാരതിന്റെ ഭാഗമായുള്ള ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് അതിൽ പ്രധാനം.  

മൂന്ന് ലോക്സഭാ മണ്ഡലങ്ങൾക്ക് ഒരു മെഡിക്കൽ കോളേജ് വീതം ഉറപ്പാക്കുന്നതിനൊപ്പം ഒന്നര ലക്ഷം പുതിയ ആരോഗ്യ കേന്ദ്രങ്ങളും തുടങ്ങും. രോഗ നിർണയം, അവശ്യമരുന്നുകളുടെ വിതരണം എന്നിവ ആരോഗ്യ കേന്ദ്രങ്ങൾ വഴിയാകും. ഉത്തർപ്രദേശിൽ മാത്രം 24 പുതിയ മെഡിക്കൽ കോളേജുകൾ.എല്ലാ പാവപ്പെട്ട കുടുംബങ്ങളെയും അപകട ഇൻഷൂറൻസിൽ ഉൾപ്പെടുത്തും. ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായി 1200 കോടി രൂപ മാറ്റി വെച്ചു. ക്ഷയരോഗികൾക്ക് പോഷകാഹാരം നൽകാൻ 600 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

PTI3_3_2014_000129A

മൂന്നുകോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍

ദരിദ്രരായ മൂന്നുകോടി സ്ത്രീകള്‍ക്കുകൂടി സൗജന്യ പാചകവാതക കണക്ഷന്‍. രണ്ട് കോടി പുതിയ കക്കൂസുകള്‍. നാലുകോടി പാവപ്പെട്ടവര്‍ക്ക് വേഗത്തില്‍ സൗജന്യവൈദ്യുതി കണക്ഷന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങളാണ് അരുണ്‍ ജെയ്റ്റ്ലി നടത്തിയത്.

ഉജ്വല പദ്ധതിയില്‍ നേരത്തേ പ്രഖ്യാപിച്ച അഞ്ചുകോടി സൗജന്യ എല്‍പിജി കണക്ഷ·ന് പുറമേയാണ് അര്‍ഹരായ മൂന്നുകോടി വനിതകള്‍ക്കുകൂടി സൗജന്യപാചകവാതക കണക്ഷന്‍ നല്‍കുന്നത്. സൗഭാഗ്യ പദ്ധതിയുടെ ഭാഗമായി നാലുകോടി വീടുകളില്‍ സൗജന്യവൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് പതിനാറായിരം കോടി രൂപയാണ് നീക്കിയിരുപ്പ്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മിച്ച ആറുകോടി കക്കൂസുകള്‍ക്ക് പുറമേ രണ്ട് കോടി കക്കൂസുകള്‍ കൂടി ഗ്രാമീണമേഖലയില്‍ നിര്‍മിക്കും.  

വരുംവര്‍ഷം ഗ്രാമീണമേഖലയില്‍ 51 ലക്ഷം വീടുകള്‍ നിര്‍മിക്കും. ഗ്രാമീണ ജീവനോപാധി മിഷന് 5750 കോടി രൂപ വകയിരുത്തി. കൃഷി, കാര്‍ഷികഅനുബന്ധപ്രവൃത്തികള്‍, ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം എന്നിവയില്‍ പരമാവധി തൊഴിലവസരം ഉറപ്പാക്കുകയാണ് മിഷന്റെ ഉദ്ദേശം. ഗ്രാമവികസനത്തിന് ആകെ പതിനാലുലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയാണ് നീക്കിയിരുപ്പ്. ഗ്രാമങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസം ആധുനീകരിക്കാന്‍ ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് ഡ‍ിജിറ്റല്‍ ബോര്‍ഡിലേക്ക് എന്ന മുദ്രാവാക്യവും ധനമന്ത്രി ഉയര്‍ത്തി. നാലുവര്‍ഷം കൊണ്ട് ഒരുലക്ഷം കോടിരൂപ ചെലവഴിക്കാനും 13 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. മിടുക്കരായ ആയിരം ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പും പ്രഖ്യാപിച്ചു. 

mobile-tv-1

50 ഉല്‍പന്നങ്ങളുടെ വിലകൂടും

ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണ്‍ മുതല്‍ പഴച്ചാറുവരെ 50 ഉല്‍പന്നങ്ങളുടേയും അനുബന്ധഘടകങ്ങളുടേയും വില കുത്തനെ ഉയരും. ഇവയുടെ കസ്റ്റംസ് തീരുവ‍ രണ്ടരശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചു. തോട്ടണ്ടി ഉള്‍പ്പെടെ മൂന്നിനങ്ങളുടെ തീരുവ കുറയ്ക്കുകയും ചെയ്തു. 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ഉല്‍പാദകര്‍ക്ക് ഉത്തേജനം നല്‍കുന്നതിനാണ് ഇറക്കുമതി ചെയ്യുന്ന ഉല്‍പങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്. ഇതുപ്രകാരം വിലവര്‍ധിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതി ചെയ്ത വെളിച്ചെണ്ണയും സംസ്കരിച്ചതും അല്ലാത്തതുമായ മറ്റ് ഭക്ഷ്യഎണ്ണകളും ഉള്‍പ്പെടും. ഓറഞ്ച് ജ്യൂസിന് അഞ്ചുശതമാനവും മറ്റ് പഴച്ചാറുകള്‍ക്കും വെജിറ്റബിള്‍ ജ്യൂസിനും ഇരുപത് ശതമാനവുമാണ് വര്‍ധന. ക്രെയ്ന്‍ബെറി ജ്യൂസിന് വില ഇരട്ടിയാകും. പെര്‍ഫ്യൂം, മരുന്ന് അല്ലാത്ത സൗന്ദര്യവര്‍ധകവസ്തുക്കള്‍, ബ്യൂട്ടിപാര്‍ലറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, കേശസംരക്ഷണവസ്തുക്കള്‍, ദന്തസംരക്ഷണത്തിനുള്ള വസ്തുക്കള്‍, ഷേവിങ് ക്രീമുകള്‍, ലോഷനുകള്‍ എന്നിവയുടേയും ഇറക്കുമതി തീരുവ കുത്തനെ കൂട്ടി.

മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, സ്മാര്‍ച്ച് വാച്ചുകള്‍, എല്‍ഇഡി, എല്‍സിഡി, ഒ-ലെഡ് ടെലിവിഷന്‍ ഘടകങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, പാദരക്ഷകള്‍, പട്ടുതുണി, വജ്രം ഉള്‍പ്പെടെയുള്ള കല്ലുകള്‍, ഗോള്‍ഡ് കവറിങ് ജ്വല്ലറി, മോട്ടോര്‍വാഹന സ്പെയര്‍പാര്‍ട്ടുകള്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, റീഡയല്‍ ചെയ്ത ട്രക്ക്-ബസ് ടയറുകള്‍ എന്നിവയുടെ ഇറക്കുമതിക്കും കൂടുതല്‍ നികുതി നല്‍കണം. സീറ്റുകള്‍, മറ്റ് ഫര്‍ണിച്ചര്‍ ഘടകങ്ങള്‍, മെത്ത, ഫര്‍ണിഷിങ് വസ്തുക്കള്‍, ലാംപ്, ലൈറ്റ് ഫിറ്റിങ്ങ്, ഇല്യൂമിനേഷന്‍ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം, ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍‌ക്കും ഉപയോഗിക്കുന്ന അലങ്കാരവിനോദ വസ്തുക്കള്‍ എന്നിവയും ഇറക്കുമതി ചെയ്തതാണെങ്കില്‍ വിലകൂടും. വല ഉള്‍പ്പെടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍, മെഴുകുതിരി, പട്ടം, സിഗററ്റ് ലൈറ്റര്‍, റൂം ഫ്രഷ്നര്‍, ടോയ്‍ലറ്റ് ഫ്രഷ്നര്‍ എന്നിവയുടേയും തീരുവ വര്‍ധിച്ചു. തോട്ടണ്ടി, കോക്ലിയര്‍ ഇംപ്ലാന്റ് ഘടകങ്ങള്‍, സോളര്‍ പാനലുകള്‍ക്കുള്ള ടെംപേര്‍ഡ് ഗ്ലാസ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. വരുമാനവര്‍ധനയ്ക്കൊപ്പം ഇന്ത്യന്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ കൂട്ടാനും ഇതിലൂടെ കഴിയുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. 

petrol-diesel

ഇന്ധനവില അങ്ങനെത്തന്നെ

തീരുവകളില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ബജറ്റില്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ രണ്ട് രൂപകുറയ്ക്കുകയും ആറുരൂപയുടെ അധിക എക്സൈസ് ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ലീറ്ററിന് എട്ടുരൂപ റോഡ് സെസ് പുതുതായി ഏര്‍പ്പെടുത്തിയതോടെ വില പഴയപടിയായി. കൊച്ചിയില്‍ ഇന്ന് ഒരുലീറ്റര്‍ പെട്രോളിന് 75 രൂപ 74 പൈസയും ഡീസലിന് 68 രൂപ 41 പൈസയുമാണ് വില.

Endosulfan

കാര്‍ഷികോന്മുഖം, ഇളവുകള്‍

ബജറ്റില്‍ ഏറെ പ്രധാന്യം നേടിയ കാര്‍ഷികമേഖലയ്ക്കായി ഇത്തവണ നീക്കിവെച്ചത് പതിനൊന്ന് ലക്ഷം കോടിരൂപ. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ഒാപ്പറേഷന്‍ ഗ്രീന്‍പദ്ധതി പ്രഖ്യാപിച്ചു. നൂറുകോടിവരെ വാര്‍ഷിക വിറ്റുവരവുള്ള കാര്‍ഷികഉല്‍പ്പാദന കമ്പനികളുടെ നികുതിയില്‍ നൂറുശതമാനം ഇളവ് നല്‍കി. കാര്‍ഷികമേഖലയില്‍ ഡിജിറ്റലൈസേഷന്‍ ശക്തിപ്പെടുത്തുമെന്നും അരുണ്‍ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കര്‍ഷകരോടും സാധാരണക്കാരോടും ഉത്തരവാദിത്തം പുലര്‍ത്തുന്ന സര്‍ക്കാരാണിതെന്ന ആമുഖത്തോടെയാണ് അരുണ്‍ജയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചത്. 2022 ഒാടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. കൂടുല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും. വിപണികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2000 കോടി നീക്കിവെച്ചു. 

കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, മല്‍സ്യത്തൊഴിലാളികള്‍ക്കും ഉറപ്പാക്കും. ഭക്ഷ്യ സംസ്കരണമേഖലയെ ഊര്‍ജിതമാക്കാനായി ഒാപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്കായി 500 കോടി വകയിരുത്തി. മുള ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോല്‍സാഹിപ്പിക്കുന്നതിനായി 1290 കോടിയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കുവേണ്ടി കുറ‍ഞ്ഞനിരക്കില്‍ സൗരോര്‍ജ്ജം വാങ്ങുന്നതിനായി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.  

മല്‍സ്യമേഖലയ്ക്കായി പതിനായിരം കോടിയും വകയിരുത്തിയിട്ടുണ്ട്. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും. ഇടനിലക്കാരെ ഒഴിവാക്കി വിപണിയില്‍ കര്‍ഷകരുടെ നേരിട്ടുള്ള ഇടപെടലിന് അവസരമൊരുക്കും. ഇതിനായി ബദല്‍ സംവിധാനമൊരുക്കാന്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തി. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.