അന്‍പതിലേറെ ഉല്‍പന്നങ്ങള്‍ക്ക് വിലകൂടും, വിശദപട്ടിക ഇതാ

mobile-tv-1
SHARE

ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണ്‍ മുതല്‍ പഴച്ചാറുവരെ 50 ഉല്‍പന്നങ്ങളുടേയും അനുബന്ധഘടകങ്ങളുടേയും വില കുത്തനെ ഉയരും. ഇവയുടെ കസ്റ്റംസ് തീരുവ‍ രണ്ടരശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചു. തോട്ടണ്ടി ഉള്‍പ്പെടെ മൂന്നിനങ്ങളുടെ തീരുവ കുറയ്ക്കുകയും ചെയ്തു. 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ഉല്‍പാദകര്‍ക്ക് ഉത്തേജനം നല്‍കുന്നതിനാണ് ഇറക്കുമതി ചെയ്യുന്ന ഉല്‍പങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്. ഇതുപ്രകാരം വിലവര്‍ധിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതി ചെയ്ത വെളിച്ചെണ്ണയും സംസ്കരിച്ചതും അല്ലാത്തതുമായ മറ്റ് ഭക്ഷ്യഎണ്ണകളും ഉള്‍പ്പെടും. ഓറഞ്ച് ജ്യൂസിന് അഞ്ചുശതമാനവും മറ്റ് പഴച്ചാറുകള്‍ക്കും വെജിറ്റബിള്‍ ജ്യൂസിനും ഇരുപത് ശതമാനവുമാണ് വര്‍ധന. ക്രെയ്ന്‍ബെറി ജ്യൂസിന് വില ഇരട്ടിയാകും. പെര്‍ഫ്യൂം, മരുന്ന് അല്ലാത്ത സൗന്ദര്യവര്‍ധകവസ്തുക്കള്‍, ബ്യൂട്ടിപാര്‍ലറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, കേശസംരക്ഷണവസ്തുക്കള്‍, ദന്തസംരക്ഷണത്തിനുള്ള വസ്തുക്കള്‍, ഷേവിങ് ക്രീമുകള്‍, ലോഷനുകള്‍ എന്നിവയുടേയും ഇറക്കുമതി തീരുവ കുത്തനെ കൂട്ടി.  

മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, സ്മാര്‍ച്ച് വാച്ചുകള്‍, എല്‍ഇഡി, എല്‍സിഡി, ഒ-ലെഡ് ടെലിവിഷന്‍ ഘടകങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, പാദരക്ഷകള്‍, പട്ടുതുണി, വജ്രം ഉള്‍പ്പെടെയുള്ള കല്ലുകള്‍, ഗോള്‍ഡ് കവറിങ് ജ്വല്ലറി, മോട്ടോര്‍വാഹന സ്പെയര്‍പാര്‍ട്ടുകള്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, റീഡയല്‍ ചെയ്ത ട്രക്ക്-ബസ് ടയറുകള്‍ എന്നിവയുടെ ഇറക്കുമതിക്കും കൂടുതല്‍ നികുതി നല്‍കണം. സീറ്റുകള്‍, മറ്റ് ഫര്‍ണിച്ചര്‍ ഘടകങ്ങള്‍, മെത്ത, ഫര്‍ണിഷിങ് വസ്തുക്കള്‍, ലാംപ്, ലൈറ്റ് ഫിറ്റിങ്ങ്, ഇല്യൂമിനേഷന്‍ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം, ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍‌ക്കും ഉപയോഗിക്കുന്ന അലങ്കാരവിനോദ വസ്തുക്കള്‍ എന്നിവയും ഇറക്കുമതി ചെയ്തതാണെങ്കില്‍ വിലകൂടും.

വല ഉള്‍പ്പെടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍, മെഴുകുതിരി, പട്ടം, സിഗററ്റ് ലൈറ്റര്‍, റൂം ഫ്രഷ്നര്‍, ടോയ്‍ലറ്റ് ഫ്രഷ്നര്‍ എന്നിവയുടേയും തീരുവ വര്‍ധിച്ചു. തോട്ടണ്ടി, കോക്ലിയര്‍ ഇംപ്ലാന്റ് ഘടകങ്ങള്‍, സോളര്‍ പാനലുകള്‍ക്കുള്ള ടെംപേര്‍ഡ് ഗ്ലാസ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. വരുമാനവര്‍ധനയ്ക്കൊപ്പം ഇന്ത്യന്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ കൂട്ടാനും ഇതിലൂടെ കഴിയുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. 

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.