പറഞ്ഞതിൽ പാതി പതിരായി; കടലാസിലൊതുങ്ങി കഴിഞ്ഞ ബജറ്റ് !

T-M-Thomas-Issac-presents-Kerala
SHARE

കിഫ്ബി വഴിയുള്ള വന്‍പദ്ധതികള്‍ ഇക്കുറി ബജറ്റിലുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. 19000 കോടിരൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും വന്‍കിടപദ്ധതികളൊന്നും ഇതുവരെ തുടങ്ങാനായിട്ടില്ല. കിഫ്ബിയിലേക്ക് പണം കണ്ടെത്തുന്നതിന് കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസിചിട്ടിയും ഇതുവരെ തുടങ്ങിയില്ല. 

ഈ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാനസൗകര്യമേഖലയില്‍ 50000 കോടിരൂപയുടെ നിക്ഷേപം ലക്ഷ്യംവച്ചാണ് കിഫ്ബി പുനരുദ്ധരിച്ചത്. 19000 കോടിരൂപയുടെ 276 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കി. പൊതുമരാമത്ത് പദ്ധതികളും ആശുപത്രി, സ്കൂള്‍ അടിസ്ഥാനസൗകര്യവികസനപദ്ധതികളുമാണ് ഏറെയും. നൂറുകോടിയിലേറെ മുതല്‍മുടക്കുള്ള വൈറ്റില ഫ്ളൈ ഓവറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 5000 കോടി മുടക്കുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ 138 കോടിരൂപയുടെ സബ് സ്റ്റേഷന്‍ നിര്‍മാണത്തിനാണ് ഇതുവരെ അനുമതിയായത്. 1000 കോടി മുതല്‍മുടക്കില്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെഫോണ്‍ പദ്ധതി ഇനിയും തുടങ്ങിയില്ല. 1264 കോടിയുടെ പെട്രോകെമിക്കല്‍ പാര്‍ക്ക് എവിടെയുമെത്തിയില്ല. ഇത്തവണ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കാനും ഉദ്ദേശമില്ല. 

കിഫ്ബി വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്ന ആരോപണം ശരിയല്ലെന്നും ധനമന്ത്രി. ഇന്ധനസെസ് ഇനത്തില്‍ സമാഹരിച്ച 1042 കോടിരൂപയാണ് കിഫ്ബിയിലെ സര്‍ക്കാരിന്റെ നീക്കിയിരിപ്പ്. നബാര്‍ഡില്‍ നിന്ന് 1000 കോടിയുടെ വായ്പക്ക് അനുമതികിട്ടി. എന്നാല്‍ 10000 കോടിരൂപ മുടക്കില്‍ മലയോര, തീരദേശ ഹൈവേകള്‍ നിര്‍മിക്കാനുദ്ദേശിച്ച് പ്രഖ്യാപിച്ച പ്രവാസിചിട്ടി ഇനിയും തുടങ്ങിയില്ല. സോഫ്റ്റ്വെയര്‍ സജ്ജമായാല്‍ മാര്‍ച്ചോടെ പ്രവാസിച്ചിട്ടി തുടങ്ങുമെന്ന് ധനവകുപ്പ്. ക്രിസിലിന്റെ എപ്ലസ് റേറ്റിങ് കിട്ടിയ സാഹചര്യത്തില്‍ കിഫ്ബിക്ക് വായ്പാസമാഹരണം ബുദ്ധിമുട്ടാവില്ലെന്നാണ് പ്രതീക്ഷ. 

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.