
ക്രിപ്റ്റോ കറന്‍സിയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വ്യവസായത്തിനും ആധാര്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ സംവിധാനം കൊണ്ടുവരും. ഇതുള്‍പ്പെടെ വാണിജ്യരംഗത്ത് 372 പരിഷ്കാരങ്ങള്‍ നടപ്പാക്കും.
ഓഹരിവില്പന ലക്ഷ്യം 80,000 കോടിയാണ്. ഓഹരിവില്പന വഴി ഒരുലക്ഷം കോടി വരുമാനമുണ്ടായെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 2018-19 സാമ്പത്തികവര്‍ഷത്തെ ലക്ഷ്യം എണ്‍പതിനായിരം കോടി രൂപയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കും.
രാഷ്ട്രപതിക്ക് 5 ലക്ഷം രൂപ പ്രതിമാസശമ്പളമാക്കി ഉയര്‍ത്തി. ഉപരാഷ്ട്രപതിക്ക് 4 ലക്ഷമാക്കി. ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷം രൂപയുമായി ശമ്പളം.
നോട്ടുനിരോധനം നട്ടെല്ലൊടിച്ച ചെറുകിട വ്യവസായത്തിന് താങ്ങ്
ചെറുകിട, ലഘുവ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപനം. ജിഎസ്ടി, നോട്ടുനിരോധന തീരുമാനങ്ങള്‍ ബാധിച്ചത് ഈ മേഖലയെ ആയിരുന്നു. ചെറുകിട, ലഘുവ്യവസായ മേഖലയ്ക്ക് 3794 കോടി അനുവദിച്ചു.
എല്ലാ പുതിയ ഇപിഎഫ് അംഗങ്ങള്‍ക്കും 12 % വിഹിതം സര്‍ക്കാര്‍ നല്‍കാനും തീരുമാനം. സ്ത്രീ ജീവനക്കാര്‍ ആദ്യമൂന്നുവര്‍ഷം 8 % വിഹിതം നല്കിയാല് മതി. നഗരവികസനത്തിനുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 2.04 ലക്ഷം കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം കോടി നിക്ഷേപം വേണം. റയില്‍വേയ്ക്ക് 1.49 ലക്ഷം കോടി അനുവദിച്ചു.
റയില്‍വേയ്ക്കുള്ള ബജറ്റ് വിഹിതം 1,48,500 കോടിയാണ്. 4000 കിലോമീറ്റര്‍ റയില്‍വേ ലൈന്‍ വൈദ്യുതീകരിക്കുമെന്നും ജയ്റ്റ്ലി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസം ആധുനീകരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നടത്തി. അടുത്ത നാലുവര്‍ഷം ഒരുലക്ഷം കോടി രൂപ ചെലവഴിക്കും. 13 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. 1000 ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആരോഗ്യസുരക്ഷയ്ക്കും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി പ്രഖ്യാപിച്ചു. 10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം 5 ലക്ഷം രൂപയുടെ സഹായം നല്‍കും. ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി 50 കോടി ആളുകള്‍ക്ക് ഗുണമാകും. ഓരോ മൂന്ന് ലോക്സഭാമണ്ഡലങ്ങള്ക്കും ഒരു മെഡിക്കല്‍ കോളജ് ഉറപ്പാക്കും. ഉത്തര്‍പ്രദേശില്‍ മാത്രം ഇങ്ങനെ 24 പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും. എല്ലാ പാവപ്പെട്ട കുടുംബങ്ങളും അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.