വികസനമില്ല; സ്വന്തം സ്ഥാനാർഥിയെ നിർത്തി മേലുകാവുകാർ; പ്രവചനാതീതം

melukav
SHARE

വികസന മുരടിപ്പും ക്വാറിവിഷയവും ചർച്ചയാകുന്നു മലയോര മേഖലയായ മേലുകാവ് പഞ്ചായത്തിൽ . ഒൻപതിനായിരത്തോളം വോട്ടർമാർ അംഗങ്ങളായ സി എസ് ഐ സഭയുടെ നിലപാടും ഇവിടെ നിർണായകമാകും. സഭാംഗമായ അഡ്വ സി ജെ ഫിലിപ്പിന്റെ സ്ഥാനാർഥിത്വവും മുന്നണികൾക്ക് തലവേദനയാണ്.

കുഞ്ഞരുവികളും പച്ചത്തുരുത്തും പിന്നിട്ട് കോട പുതച്ചുള്ള യാത്ര, കാറ്റിൽ എങ്ങോ മറന്ന സുഗന്ധങ്ങൾ, ഓഫ് റോഡ് ട്രക്കിങിന്റെ ത്രില്ല്. അങ്ങുയരെ മേഘങ്ങളോട് കിന്നാരം പറഞ്ഞ് ഇലവീഴാ പൂഞ്ചിറ. നിലയ്ക്കാത്ത കാറ്റിനോട് യാത്ര പറഞ്ഞ് കുന്നിറങ്ങി. പാറകൾക്ക് മുകളിലൂടെയുള്ള ട്രക്കിങ് യാത്ര സഞ്ചാരികൾക്ക് കൗതുകമാണെങ്കിലും നാട്ടുകാർക്ക് നടുവൊടിയും.

റോഡു മാത്രമല്ല കുടിവെള്ളത്തിനും മുട്ടാണിവിടെ. പൂഞ്ചിറയ്ക്ക് മുകളിൽ പാലാമണ്ഡലത്തിന് മുഴുവൻ വെള്ളമെത്തിക്കാൻ കഴിയുന്ന കുളം നിർമിച്ചിട്ടുണ്ട്. പക്ഷേ ജലവിതരണം ആരംഭിക്കാനായിട്ടില്ല. നിലവിൽ യു ഡി എഫിനാണ് പഞ്ചായത്ത് ഭരണം. 91 20 വോട്ടർമാരാണ് മേലുകാവ്  പഞ്ചായത്തിലുള്ളത്. 4597 പുരുഷന്മാരും  4523 സ്ത്രീകളും 8 ബൂത്തുകളിലായി വോട്ടു കുത്തും. 

കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പിൽ കെ എം മാണി 3115 വോട്ടു നേടിയപ്പോൾ  മാണി സി കാപ്പൻ 2810  വോട്ടുമായി ഒപ്പത്തിനൊപ്പം പിടിച്ചു. എൻ ഹരിക്ക് ലഭിച്ചത് 856  വോട്ടുകൾ. ചരിത്രം  യു ഡി എഫ് അനുകൂലമെങ്കിലും നിലവിൽ ബലാബല പരീക്ഷണമാണ് മേലുകാവിലും. സിഎസ്ഐ സഭയ്ക്ക് നിർണായക സ്വാധീനമുണ്ടിവിടെ.

അതു കൊണ്ട് തന്നെ സി എസ് ഐ സഭയെ ഒപ്പം നിർത്താൻ നേതാക്കളുടെ നെട്ടോട്ടമാണ് മേലുകാവിലേയ്ക്ക്. ചുറ്റുപാടുമായി അനുവദിച്ചിരിക്കുന്ന 13 ക്വാറികളും ജനമനസിൽ പുകയുന്നുണ്ട്. അതു കൊണ്ടു തന്നെ മേലുകാവ് ഇക്കുറി പ്രവചനാതീതമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...