ആദ്യപത്തില്‍ ഏഴിടത്ത് യുഡിഎഫ്; രണ്ടിടത്ത് എല്‍ഡിഎഫ്; സര്‍വേ ഫലം ഇങ്ങനെ

Congress-Flag
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. സര്‍വേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും  ഒപ്പത്തിനൊപ്പമാണ്. 

20 മണ്ഡലങ്ങളിലെ  8616 വോട്ടര്‍മാരില്‍ നിന്ന്  ബൃഹത്തായ വിവരശേഖരണം നടത്തിയാണ് മനോരമ ന്യൂസ്–കാര്‍വി അഭിപ്രായസര്‍വേ ഫലം പുറത്തുവിടുന്നത്.  മുന്നണികള്‍ തമ്മില്‍ രണ്ടുശതമാനവും അതില്‍ താഴെയും വ്യത്യാസമുള്ള മണ്ഡലങ്ങളെ ഒരുമുന്നണിയുടെയും കണക്കില്‍ പെടുത്താതെ ഫോട്ടോഫിനിഷ് മണ്ഡലങ്ങളെന്നാണ് കണക്കാക്കിയത്.  ആദ്യഘട്ടത്തില്‍ അക്ഷരമാലാക്രമത്തില്‍ പത്തുമണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. 

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണി  മുന്നിലാണെന്നാണ് സര്‍വേ ഫലം. എല്‍.ഡി.എഫിന് 47 യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് നാലുശതമാനം. ആറ്റിങ്ങലില്‍  44 ശതമാനവുമായി എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫിന് 38, എന്‍ഡിഎയ്ക്ക്  13.  എല്‍.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരില്‍ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ്  മുന്‍തൂക്കം നേടി. 

എല്‍ഡിഎഫിന് 38%വും എന്‍ഡിഎയ്ക്ക് 13%വും ലഭിച്ചു. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയില്‍ യുഡിഎഫ് 40, എല്‍ഡിഎഫ് 39, എന്‍ഡിഎ 13%. എറണാകുളത്ത്  41 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം; എല്‍.ഡി.എഫിന് 33ഉം എന്‍ഡിഎയ്ക്ക് 11ഉം.  ഇടുക്കിയില്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് ഒമ്പതുശതമാനവും  പിന്തുണ. 

എല്‍.ഡി.എഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരില്‍ 49 ശതമാനവും കാസര്‍കോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ എല്‍ഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 9ശതമാനവും പിന്തുണച്ചു..  ബിജെപിക്ക് നേരത്തെ തന്നെ സ്വാധീനമുള്ള കാസര്‍കോട്ട് എല്‍ഡിഎഫിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.  

സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കൊല്ലത്ത് യുഡിഎഫിന് 48 എല്‍ഡിഎഫിന് 41 എന്‍ഡിഎയ്ക്ക് 7.  കോട്ടയത്ത് യുഡിഎഫ് 49, എല്‍ഡിഎഫ് 39, എന്‍ഡിഎ 10 ശതമാനം.  സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ്  ഫെബ്രുവരി   23 മുതല്‍ മാര്‍ച്ച്  7വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീട്  മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമെന്ന് മനോരമ ന്യൂസ് –കാര്‍വി അഭിപ്രായസര്‍വെ ഫലം. സര്‍വെയില്‍ പങ്കെടുത്ത നാല് ശതമാനംപേര്‍ മാത്രമാണ് ശബരിമല തിരഞ്ഞെടുപ്പ് വിഷയമെന്ന് അഭിപ്രായപ്പെട്ടത്. നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടെന്നും പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുന്നതെന്നും സംസ്ഥാനത്തെ  20 മണ്ഡലങ്ങളില്‍ നിന്നുള്ള സര്‍വെഫലം വ്യക്തമാക്കുന്നു.

ഇത്തവണ യു.പി.എ അധികാരത്തിലെത്തുമെന്നും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും  അഭിപ്രായസര്‍വെ. എന്‍.ഡി.എ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെയും പ്രവര്‍ത്തനം ശരാശരിയില്‍ താഴെയെന്നാണ് സര്‍വെഫലം. സര്‍ക്കാരിനേക്കാള്‍ യു.പി.എ നേതൃത്വത്തിലുള്ള പ്രതിപക്ഷം മികച്ചുനില്‍ക്കുന്നുവെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മുന്നണി വ്യത്യാസമില്ലാതെ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പ്രകടനം ശരാശരി മാത്രമാണെന്നാണ് സര്‍വേഫലം. ശരാശരിയ്ക്ക് മുകളില്‍ പ്രകടനം നടത്തിയ അഞ്ച് എം.പിമാര്‍ മാത്രമേയുള്ളൂ. അഞ്ചില്‍ 3.9 ഉം 3.7ഉം വീതം നേടിയ ജോസ് കെ.മാണിയും എ.സമ്പത്തുമാണ് മികവിന്റെ കാര്യത്തില്‍ മുന്നിലുള്ളവര്‍. പി.കെ ശ്രീമതി, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും ശരാശരിയ്ക്ക് മുകളില്‍ മാര്‍ക്ക് നേടി. പി.കരുണാകരന്‍. എം.കെ.രാഘവന്‍, എം.ബി.രാജേഷ്, പി.കെ.ബിജു, സി.എന്‍.ജയദേവന്‍, ഇന്നസെന്റ്, കെ.വി.തോമസ്, ജോയ്സ് ജോര്‍ജ്, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ശശി തരൂര്‍, എന്നീ 12 എം.പിമാരുടെ പ്രകടനം ശരാശരി മാത്രമാണ്. മുല്ലപ്പള്ളി രാമചന്ദ്രനും എന്‍.കെ.പ്രേമചന്ദ്രനും ശരാശരിയില്‍ താഴെ പ്രകടനമാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.