പറ‍ഞ്ഞതു പറഞ്ഞതുതന്നെ‌; ഒരു വാക്കുപോലും പിന്‍വലിക്കില്ല: തരൂര്‍

shashi-tharoor
SHARE

തന്റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗത്തിലെ ഒരു വാക്കുപോലും പിന്‍വലിക്കില്ലെന്ന് ശശി തരൂര്‍.  ഹിന്ദുരാഷ്ട്രം കൊണ്ടുവന്നാല്‍ നാം പാക്കിസ്ഥാന്‍റെ ഹിന്ദു പതിപ്പാകും. നാം ആക്ഷേപിക്കുന്ന രാഷ്ട്രത്തെപ്പോലെ ആകാന്‍ ശ്രമിക്കുന്നത് എന്തിനാണ്. താന്‍ പറയുന്ന കാര്യങ്ങള്‍  കോണ്‍ഗ്രസ് കേള്‍ക്കണമെന്നും  പാര്‍ട്ടിക്കകത്ത് ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിശ്വാസമെന്നും ശശി തരൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പ്രസ്താവനെയ പിന്തുണച്ച്  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. വരാനിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കുന്നതാണ് തരൂരിന്‍റെ പരാമര്‍ശമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുഅഭിപ്രായമാണ് തരൂര്‍ പറഞ്ഞതെന്ന് എം.എം.ഹസനും വിലയിരുത്തി. തരൂരിനെ പിന്തുണച്ച് പി.‍‍ടി.തോമസ് എംഎല്‍എയും രംഗത്തെത്തി

ബിജെപി വീണ്ടും അധികാരം പിടിച്ചാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് തരൂരിന് ശക്തമായ പിന്തുണയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. തരൂര്‍ ഉപയോഗിച്ച വാക്കിനെക്കുറിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ‌ഇന്ത്യയെ മതാധിപത്യരാഷ്ട്രമാക്കി മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍ പ്രകടിപ്പിച്ചതെന്നും ആവശ്യമായ അംഗബലമുണ്ടായിരുന്നെങ്കില്‍ ബി.ജെ പി പണ്ടേ അതു ചെയ്യുമായിരുന്നെന്നും ഹസന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ബിജെപിയുടെ മതേതര വിരുദ്ധ നിലപാട് തുറന്നു കാട്ടുക മാത്രമാണ് ശശി തരൂർ ചെയ്തതെന്ന് പി ടി തോമസ് എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു

MANORAMA NEWS CONCLAVE 2018
SHOW MORE