
മനോരമ ന്യൂസ് കോണ്‍ക്ലേവിനു കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കം. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ഉദ്ഘാടനം ചെയ്തു. പത്തുമണിക്കൂര്‍ നീളുന്ന ആശയസംവാദത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.
കശ്മീര്‍ മുതല്‍ കേരളം വരെയുള്ള ഉജ്വല പ്രതിഭകളുടെ ആശയസംവാദ വേദിയാകും പത്തുമണിക്കൂര്‍ നീളുന്ന മനോരമന്യൂസ് കോണ്‍ക്ലേവിന്റെ രണ്ടാം പതിപ്പ്. സ്വാതന്ത്ര്യബോധത്തിന്റെ അളവുകളും അതിരുകളും ഇഴകീറിച്ചര്ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ആശയങ്ങളുടെ ആകാശവാതില്‍ തുറക്കും.
സമഗ്രമാകും സ്വാതന്ത്ര്യ ചര്‍ച്ച. സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ചയാകുന്ന മനോരമന്യൂസ് കോണ്‍ക്ലേവിന് ഇന്ത്യയുടെ സമഗ്രതയുടെ മുഖമുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എന്ന പ്രയോഗം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പ്രതിഭകളുടെ കാര്യത്തില്‍ അന്വര്‍ഥമാകുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നാണ് എത്തുന്നത്, അരുണാചല്‍ പ്രദേശില്‍ നിന്ന്.
രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലെ സ്വാതന്ത്ര്യത്തിന്റെ വിശാല അര്‍ഥങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടതും മറ്റാരുമല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കശ്മീരിലെ അമരക്കാരനാണ് രാജ്യത്തിന്റെ വടക്കേയറ്റത്ത് നിന്ന് കോണ്‍ക്ലേവിനെത്തുക. കശ്മീരിലെ കുല്‍ഗാം എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ മുഹമ്മദ് യൂസഫ് താരിഗാമി. കലഹങ്ങളൊടുങ്ങാത്ത കശ്മീര്‍ താഴ് വരയില്‍ നിന്ന് സപ്തതിയോടടുക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചാണ് തരിഗാമി സംസാരിക്കാനെത്തുന്നത്.
കഠ് വ പീഡനക്കേസിലെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ രാജ്യത്തിന്റെ ഹൃദയമിടിപ്പിനൊപ്പം നടന്ന ധീര ദീപികാ സിങ് രജാവത്താണ് കശ്മീര്താഴ് വരയില്‍ നിന്ന് കൊച്ചിയിലേക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാനെത്തുന്ന മറ്റൊരാള്‍. ഇപ്പോഴും സ്വാതന്ത്രത്തിലേക്കുള്ള യാത്രയിലാണോ ഇന്ത്യയെന്ന് പറയാനാകുക താഴ് വരയില്‍ ജീവിച്ച് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തന്നെയാവണം.
തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിര്ണിയിച്ചേക്കാവുന്ന രണ്ട് കരുത്തരാണ് ഇങ്ങ് തെക്കേയറ്റത്ത് , തമിഴ്നാട്ടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ മൊഴിയാകാന് വരുന്നത്. ഉലകനായകനില്‍ നിന്ന് ജനനായകനിലേക്ക് മാറ്റച്ചുവട് വയ്ക്കുന്ന കമല്ഹാസന്. സമീപകാല അനുഭവങ്ങളുടെ കരുത്തില്‍ രാഷ്ട്രീയത്തിലേക്ക് തിരികെ ചുവടുറപ്പിക്കുന്ന കനിമൊഴി. ആയുസുണ്ടാവില്ലെന്ന് ലോകം മുഴുവന്‍ പറഞ്ഞിട്ടും എഴുപതിലേക്ക് കടക്കുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ചിന്തകളെക്കുറിച്ച് അതിര്ത്തികളിലുള്ളവര്ക്ക് പറയാനുള്ളത് എന്താവും. കണ്ണും കാതുമോര്ക്കാം മനോരമന്യൂസ് കോണ്‍ക്ലേവിന്റെ വേദിയിലേക്ക്.