
ഹിന്ദുക്കളുടെ മേലുള്ള കുത്തവകാശം ബിജെപിക്കല്ലെന്ന് ശശി തരൂര്‍ എം.പി. സ്വതന്ത്രരാജ്യം, സ്വാതന്ത്ര്യമില്ലാത്ത പൗരന് എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂര്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കശ്മീരില്‍ നിന്നുള്ള എംഎഎല്യുമായ യൂസുഫ് തരിഗാമി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നയിച്ചത് മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്തയാണ്.
ബിജെപിയില്‍ മാത്രമല്ല, വ്യത്യസ്ത ആശയങ്ങളുള്ള ഹിന്ദുക്കള്‍ മറ്റു പാര്‍ട്ടികളിലുമുണ്ട്. 1922 മുതല്‍ ആര്‍എസ്എസ് വിശ്വസിക്കുന്നത് ഹിന്ദുരാഷ്ട്രം എന്ന ആശയത്തിലാണ്. ‘ഹിന്ദു പാക്കിസ്ഥാന്’ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ശശി തരൂര്‍ ഇപ്പോഴും ഈ വേദിയിലിരിക്കുന്നത് നമ്മുടേത് ഒരു സ്വതന്ത്രരാജ്യമാണെന്നതിനു തെളിവാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മറുപടി. സ്വാതന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമാണ് നമ്മള് സംസാരിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ജനിക്കാനും ജീവിക്കാനും അതിജീവിക്കാനും ഭക്ഷണം പാകം െചയ്യാനും വീടു നിര്‍മിക്കാനും സ്വാതനന്ത്ര്യമുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നതെന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തിന് അങ്ങനെയെങ്കില്‍ അത്തരം സ്വാതന്ത്ര്യവും ചൈനയിലെയും കൊറിയയിലെയും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നുവെന്നായിരുന്നു അവതാകരന്റെ ചോദ്യം. ചൈനയിലെയും കൊറിയയിലെയും അവസ്ഥയായിരുന്നു ഇവിടെയെങ്കില്‍ ഇപ്പോള്‍ നമ്മള് ഇവിടെയിരുന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കുകയില്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
പഞ്ചാബിലെ ഹിന്ദു–മുസ്ലിം കലാപത്തെക്കുറിച്ചോര്മിപ്പിച്ചുകൊണ്ടാണ് കശ്മീര്‍ താഴ് വരയില്‍ നിന്നെത്തിയ തരിഗാമി സംസാരിച്ചത്. കശ്മീര്‍ മുഴുവന്‍ അതിക്രൂരതയുടെ ഇരയാണ്. താന്‍ ആശങ്കാകുലനാണെന്നും തരിഗാമി പറഞ്ഞു. അധികാരകേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒരു പൗരനെന്ന രീതിയില്‍ തനിക്ക് തോന്നലുണ്ടെന്നും അത് സ്വീകാര്യമായ പ്രവണതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.