രാജ്യം ഇന്ന് കൂടുതല്‍ സ്വതന്ത്രം; കോണ്‍ക്ലേവ് വേദിയില്‍ രാജ്യവര്‍ധന്‍ റാത്തോര്‍‍

rajyawardhan-rathore
SHARE

രാജ്യമിന്ന് മുന്‍പത്തെക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍. കോണ്‍ഗ്രസ് ഭരണത്തെക്കാള്‍ രാജ്യം പലതിലും സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഇന്ന് നടക്കുന്നത് ചിന്തകളുടെ യുദ്ധമാണ്. രാജ്യത്തെ സ്വാതന്ത്ര്യം ഒരുയുടെ സ്വാതന്ത്ര്യമാണ്. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുരോഗമനവാദികളെന്ന് വിളിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ പുരോഗമനവാദത്തെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യം' എന്ന വിഷയത്തിലെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തുറന്ന ചിന്തകളിലേക്ക്, സ്വാതന്ത്ര്യത്തിന്‍റെ ഭിന്നാകാശങ്ങളിലേക്ക് അപൂര്‍വ സുന്ദരവാതില്‍ തുറന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം.  ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് രാജ്യത്തെ സാമൂഹ്യഘടനയെ ബാധിക്കുമെന്നും കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ പറഞ്ഞു.  നിരന്തര ജാഗ്രതയാണ് ആവശ്യം. നവമാധ്യമകാലത്ത് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന ഒരു വാട്സ്ആപ്പ് സന്ദേശം മതി കലാപമുണ്ടാക്കാന്‍. ഭരണഘടനയെ സംരക്ഷിക്കുക, സര്‍ക്കാരിനെ സംരക്ഷിക്കുക, ഇതാണ് മുഖ്യം. എല്ലാ പൗരന്‍മാരും ഇവിടെ ഭരണഘടനയുടെ സംരക്ഷകരാകണം. മാധ്യമങ്ങളെ ഒരിക്കലും അകറ്റിനിര്‍ത്തേണ്ടതില്ല. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കേണ്ടവരല്ല അവര്‍.– അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള അക്രമവും ഒരിക്കലും സ്വീകാര്യമല്ല. തീവ്രവാദവും മാവോയിസവുമൊക്കെ രാജ്യസ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന ഘടകങ്ങളാണ്. ഇന്ത്യ നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ ആരാണ് നിലനില്‍ക്കുക എന്ന ചോദ്യവും അദ്ദേഹം ചോദിച്ചു.

നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്യമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. അത് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നമ്മുടേതാണ്. രാജ്യം എന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന ഒരു മതഗ്രന്ഥം പോലെ പ്രധാനപ്പെട്ടതാണ് അതിനെ കാത്തുസൂക്ഷിക്കണം. അക്രമം സ്വാതന്ത്ര്യത്തെ ഹനിക്കലാണ്.  ‌മലയാള മനോരമ ഡപ്യൂട്ടി  ഡയറക്ടര്‍ ജയന്ത് മാമന്‍ മാത്യു സ്വാഗതപ്രസംഗം നടത്തി. നവമാധ്യമങ്ങളുടെ അതിപ്രസരകാലത്ത് സ്വാതന്ത്ര്യമെന്ന ആശയത്തിന് പ്രസക്തിയേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യാന്തര പ്രശസ്തരായ, ഒട്ടേറെ പ്രമുഖര്‍ ഇക്കുറിയും മനോരമന്യൂസ് കോണ്‍ക്ലേവിന്‍റെ മുഖമാകും. കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്‍, കമല്‍ഹാസന്‍, കിരണ്‍ റിജ്ജു, ശശി തരൂര്‍, ജസ്റ്റിസ് ജെ.ചെലമേശ്വര്‍, മുഹമ്മദ് യൂസഫ് താരിഗാമി, ശേഖര്‍ ഗുപ്ത, കനിമൊഴി, അഡ്വ.ദീപിക സിങ് രജാവത്, കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, എം.മുകുന്ദന്‍, ജസ്റ്റിസ് കെമാല്‍ പാഷ, ഡിജിപി ലോക്നാഥ് ബെഹ്റ, എം.എ.യൂസുഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐബിഎസ് സ്ഥാപകന്‍ വി.കെ.മാത്യൂസ്, എം.മുകേഷ് എംഎല്‍എ, പത്മപ്രിയ, സിദ്ദിഖ്, ജോയ് മാത്യു, യുവഎഴുത്തുകാരന്‍ മനു എസ്.പിള്ള എന്നിവരും അനുഭവങ്ങളും ആശയങ്ങളും കൊണ്ട് മനോരമന്യൂസ് കോണ്‍ക്ലേവ് വേദിയെ സമ്പന്നമാക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ആശയങ്ങളുടെ തേരോട്ടം വൈകിട്ട് ആറര വരെ തുടരും. 

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE